അബൂദബി: എമിറേറ്റിലെ പൊതു, സ്വകാര്യ നീന്തല്‍ക്കുളങ്ങളുടെ സുരക്ഷയും വൃത്തിയും ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. നീന്തല്‍ക്കുളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ അധികൃതര്‍ നടത്തിവരുകയാണ്. പൊതു നീന്തല്‍ക്കുളങ്ങള്‍ പ്രവര്‍ത്തിക്കുന്ന താമസ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, സ്വകാര്യ വീടുകള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്ക്കാണ് ബോധവത്കരണ കാമ്പയിൻ. നീന്തല്‍ക്കുളം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ നഗരസഭയുടെ ഓണ്‍ലൈന്‍ വഴി നല്‍കാം.
നീന്തല്‍ക്കുളം ഉപയോഗിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ മാത്രം ഉപയോഗിക്കുന്ന നീന്തല്‍ക്കുളത്തില്‍ കൂടുതല്‍ ജലം നിറക്കരുതെന്നും അവരെ തനിച്ച് നീന്തല്‍ക്കുളത്തില്‍ വിടരുതെന്നും നിര്‍ദേശമുണ്ട്. വേനലവധി വരുന്ന സാഹചര്യത്തില്‍ കൂടുതലായി കുട്ടികള്‍ നീന്തല്‍ പഠിക്കാനും മറ്റും നീന്തല്‍ക്കുളങ്ങളില്‍ എത്താറുണ്ട്. ആയതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം.
വീടുകളില്‍ നീന്തല്‍ക്കുളം നിര്‍മിക്കുന്നവര്‍ ചുറ്റും വേലികെട്ടി വേര്‍തിരിച്ചിരിക്കണം. നീന്തല്‍ക്കുളങ്ങളില്‍ ഗോവണിയുണ്ടാവണം. ഉറപ്പുള്ള കൈവരികള്‍ വേണം. വഴുതി വീഴാത്ത രീതിയിലാവണം പ്രതലം. നീന്തല്‍ക്കുളത്തിലേക്കുള്ള വാതില്‍ അടിച്ചിടുന്നതില്‍ സൂക്ഷ്മത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.