അബൂദബി: ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ വീടുകളില്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ സംവിധാനം സ്വീകരിക്കണമെന്നും അബൂദബി പൊലീസ്. 'സേഫ് വിന്റര്‍ ഫണ്‍' കാമ്പയിനിന്റെ ഭാഗമായാണ് പൊലീസ് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മാതാപിതാക്കളോട് ആഹ്വാനം ചെയ്തത്. നിസ്സാര അശ്രദ്ധ വലിയ അപകടം വരുത്തിവെക്കുമെന്നതിനാല്‍ കെട്ടിട നിര്‍മാതാക്കള്‍ മുതല്‍ താമസക്കാര്‍ വരെ അതീവ ശ്രദ്ധ പുലര്‍ത്തണം.
തണുത്ത കാലാവസ്ഥയായതിനാല്‍ വീടുകളുടെ ജനാലകളും മറ്റും പലരും തുറന്നിടാറുണ്ട്. അതിനാല്‍തന്നെ കുട്ടികള്‍ കളിക്കാനും മറ്റും ബാല്‍ക്കണികളിലും ജനാലകളിലും കയറുകയും ചെയ്യും. ഇത് അപകടത്തിന് വഴിവെക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനാലക്ക് സമീപം ഗൃഹോപകരണങ്ങള്‍ ഒന്നും വെക്കരുതെന്നും നിര്‍ദേശമുണ്ട്.
പുറത്തെ കാഴ്ചകള്‍ കാണാന്‍ കുട്ടികള്‍ മേശ, കസേര തുടങ്ങിയവയില്‍ പിടിച്ചുകയറി തെന്നിവീഴാന്‍ സാധ്യതയുള്ളതിനാലാണിത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനലുകള്‍ക്കരികിലോ ബാല്‍ക്കണിയിലോ കുട്ടികള്‍ പോകാനിടയാവരുത്. ജനലും ബാല്‍ക്കണിയും പൂട്ടി താക്കോല്‍ കുട്ടികള്‍ക്ക് കിട്ടാത്തവിധം സൂക്ഷിക്കണം. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം ജനാലകള്‍ എല്ലാം അടച്ചിടണമെന്നും അധികൃതര്‍ അറിയിച്ചു.
അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓര്‍മിപ്പിച്ചു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഒരു വര്‍ഷം തടവോ 5000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേര്‍ത്തോ ആണ് ശിക്ഷ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.