മനസ്സറിഞ്ഞ് ക്യാമറ കണ്ണുകൾ പകർത്തുന്ന ഓരോ ചിത്രങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാവും, അവ ജീവൻ തുടിക്കുന്നതായിരിക്കും. ജീവൻ തുടിക്കുന്ന നിമിഷങ്ങൾ പകർത്തി ഫോട്ടോഗ്രാഫിയിലെ പുതിയ കഥ രചിക്കുകയാണ് നിത്യ രാജ്കുമാർ എന്ന പ്രൊഫഷനൽ ഫോട്ടോഗ്രാഫർ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈസൻസ്ഡ് ഫോട്ടോഗ്രാഫർ കൂടിയാണ് നിത്യ.
പിങ്ക് ഡേ ടു ഷൈൻ
സ്തനാർബുദ്ധത്തെ തുടർന്ന് ജീവിതത്തിൽ മാറ്റിനിർത്തപ്പെട്ടവർക്കും സമൂഹം വിരൂപരെന്ന് മുദ്രകുത്തപ്പെട്ടവർക്കും ജീവിതം ആഘോഷമാക്കാൻ വഴിതുറക്കുകയാണ് നിത്യ. സ്തനാർബുദ്ധത്തെ ധീരമായി നേരിട്ട, മനോഹരമായി പോരാടുന്ന വനിതകൾക്ക് അതിജീവനത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയാണ് ഈ ഫോട്ടോഗ്രാഫർ. സ്ഥനാർബുദ ബാധിതർക്കായി ആരംഭിച്ച പിങ്ക് ഡേ ടു ഷൈൻ (PinkDayToShine) ഇപ്പോൾ വലിയൊരു കൂട്ടായ്മയായി മാറിയിരിക്കുന്നു. ഓങ്കോളജിസ്റ്റുകൾ, മാനസീകാരോഗ്യ വിദഗ്ദർ, സ്തനാർബുദത്തെ അതിജീവിച്ചവർ എന്നിവർ ചേർന്ന കൂട്ടായ്മയായി ഇത് രൂപപ്പെട്ടു. ഇതിന് കീഴിൽ ഓൺലൈൻ സംഗമവും സംഘടിപ്പിച്ചു. അർബുദം നേരിടുന്നവരുടെയും അതിജീവിച്ചവരുടെയും ഫോട്ടോ ഷൂട്ട് നടത്തി അവരെ പ്രചോദിപ്പിക്കുന്നതാണ് പിങ്ക് ഡേ ടു ഷൈൻ. സ്തനാർബുദ ബോധവൽക്കരണ മാസമായ എല്ലാ ഒക്ടോബറിലും അർബുദ ബാധിതരോ അതിജീവിച്ചവരോ ആയ പത്ത് സ്ത്രീകളുടെ ഫോട്ടോ ഷൂട്ട് നടത്തുന്നുണ്ട്.
ഇതിന് പുറമെ സ്പെഷ്യൽപീപ്പിൾ വിത്ത് ബിഗ് ഹാർട്സ്, ഫോട്ടോഗ്രഫി ടീച്ചിങ് വർക്ഷോപ് ഫോർ മദർസ് ആൻഡ് ചിൽഡ്രൻസ് തുടങ്ങി സമൂഹത്തിനു വേണ്ടി വിവിധ ഫോട്ടോഗ്രഫി കാമ്പയിനുകളും നിത്യ നയിക്കുന്നു. ചെറുപ്പംമുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ളയാളാണ് നിത്യ. സമൂഹത്തിന് വേണ്ടി തന്റെ കഴിവ് ഉപയോഗിച്ച് തനിക്കെന്ത് ചെയ്യാനാകും എന്ന ആലോചനയിൽ നിന്നാണ് ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളിലേക്ക് നിത്യ തിരിയുന്നത്.
പ്രത്യേക സഹായം ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി കുറഞ്ഞചെലവിൽ ചിത്രങ്ങൾ എടുക്കുന്നതാണ് 'സ്പെഷ്യൽപീപ്പിൾ വിത്ത് ബിഗ് ഹാർട്സ്' എന്ന പ്രോജകട്. ഒരമ്മയുടെ കണ്ണിലൂടെ അവരെ നോക്കിക്കാണാനും അവരുടെ ചിത്രങ്ങൾ എടുക്കാനുമാണ് ഇതിലൂടെ നിത്യ ലക്ഷ്യമിടുന്നത്. 'നാം കണ്ണുകളിലൂടെ കാണുന്നതുപോലെ യാതൊരു വേർതിരിവുമില്ലാതെ ക്യാമറകണ്ണുകൾ കൊണ്ട് കാണണം. എങ്കിലേ നല്ലൊരു ഫോട്ടോഗ്രാഫർ ആകാൻ കഴിയൂ'-നിത്യ പറയുന്നു.
ഫോട്ടോഗ്രഫി എന്ന കല കുട്ടികൾക്കും മുതിർന്നവർക്കും പകർന്നുകൊടുക്കുന്നതിനും നിത്യ സമയം കണ്ടെത്താറുണ്. പരേതനായ ക്യാപ്റ്റൻ ഡി. രാജ്കുമാറിന്റെയും റിട്ട.പ്രൊഫസർ സുധരാജ്കുമാറിന്റെയും മകളായ നിത്യ ഐ.ടി വിദഗ്ദ്ധനും ഫോട്ടോഗ്രാഫറുമായ ഭർത്താവ് അഖിലിനും മകൾ അമേയയക്കുമൊപ്പം ദുബൈ അൽ ബർഷയിലാണ് താമസം. ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള നിത്യയുടെ ചുവടുവെപ്പിന് ഏറ്റവുമധികം പ്രചോദനം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും നടൻ ബാലചന്ദ്രമേനോന്റെ മകനുമായ ഭർത്താവ് അഖിൽ വിനായക് ബാലചന്ദ്രമേനോനാണ്. ആറു വയസ്സുകാരി മകൾ അമേയയെയും ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു നിത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.