അബൂദബി: ഇത്തിഹാദ് എയര്‍വേസ് അബൂദബിയില്‍നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ജനുവരി ഒന്നുമുതല്‍ സർവിസ് പുനരാരംഭിക്കുന്നു. പ്രതിദിനം ഓരോ സര്‍വിസുകളാണ് ആദ്യഘട്ടത്തിൽ നടത്തുക. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 14.40ന് അബൂദബിയില്‍നിന്ന് യാത്ര തിരിച്ച് രാത്രി 19.55ന് എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വിസ്. എയര്‍ക്രാഫ്റ്റ് എയര്‍ ബസ് 320 ആണ് ഇതിനായി സർവിസ് നടത്തുന്നത്.
ഇതിൽ എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ക്രമീകരിച്ചത്. തിരിച്ച് രാത്രി 21.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 00.05ന് അബൂദബിയിലെത്തും. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. പുലർച്ച 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് എത്തുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയില്‍ ലാന്‍ഡ് ചെയ്യും. ഏഴു കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുംവിധം വിവിധ നിരക്കുകളില്‍ സൗകര്യമുണ്ട്. ഏഴു കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം. അതേസമയം, ദുബൈ അല്‍ വാസില്‍ സെന്ററിലെ ശൈഖ് സായിദ് റോഡില്‍നിന്നും തിരിച്ചും സൗജന്യമായി ബസ് സർവിസും പുതിയ സര്‍വിസുകള്‍ക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.
സീറ്റ് വേണ്ടവര്‍ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്തവര്‍ക്ക് സീറ്റ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം. ഇത്തിഹാദ് കൊച്ചി വിമാനത്താവളത്തിലേക്ക് നിലവില്‍ മൂന്നു സര്‍വിസുകള്‍ നടത്തുന്നുണ്ട്. ഇതോടെ കേരളത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളിലേക്ക് സര്‍വിസുകള്‍ ആവുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാന്‍ഡിങ് നിരോധിച്ചതിനെ തുടര്‍ന്ന് 2022 ജൂണില്‍ ഇത്തിഹാദ് സര്‍വിസ് അവസാനിപ്പിക്കുകയായിരുന്നു.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ടെര്‍മിനല്‍ എയില്‍നിന്ന് പൂര്‍ണതോതില്‍ സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 28 ആയി. വിമാനക്കമ്പനികളുടെ മാറ്റം പൂര്‍ത്തിയായതോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലായി ടെര്‍മിനല്‍ എ മാറി.
ഒരേസമയം 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനല്‍ മുഖേന പ്രതിവര്‍ഷം 4.5 കോടി യാത്രികര്‍ക്ക് വന്നുപോകാനാവും. നവംബറിലെ ആദ്യ രണ്ടാഴ്ചകൊണ്ട് 1557 വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. ഈ മാസം അവസാനത്തോടെ 7600ലേറെ വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഡിസംബറില്‍ 12,220 വിമാനങ്ങള്‍ സര്‍വിസ് നടത്തും. 30 ലക്ഷത്തോളം പേര് ടെര്‍മിനല്‍ വഴി യാത്ര ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.