ആറുമാസം 87 ലക്ഷം പേരുമായി പറന്ന് ഇത്തിഹാദ്

അബൂദബി: 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87 ലക്ഷം യാത്രികരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചുവെന്ന് ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയ‍ർവേസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 34 ശതമാനം വർധനയുണ്ടായതായി എയർലൈൻ സി.ഇ.ഒ അന്‍റോനോൽദോ നെവസ് പറഞ്ഞു. 25 ലക്ഷത്തോളം യാത്രികരുടെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

2024ൽ ജൂണിൽ അവസാനിച്ച ഒരുവർഷം കൊണ്ട് 1.64 കോടി യാത്രികരാണ് ഇത്തിഹാദ് എയർവേസിലൂടെ സ‍ഞ്ചരിച്ചതെന്നും നെവസ് കൂട്ടിച്ചേർത്തു. 42 ലക്ഷം യാത്രികരാണ് 2024 ആദ്യ പാദത്തില്‍ ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങളില്‍ പറന്നത്. 2023 ജൂണിൽ 76 വിമാനങ്ങളാണ്​ കമ്പനിക്കുണ്ടായിരുന്നത്. ഇപ്പോഴത് 92 ആയി ഉയർന്നു. പുതുതായി 10 കേന്ദ്രങ്ങളിലേക്ക് കൂടി സർവിസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 2030ഓടെ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയ‍ർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2024ലെ ആദ്യപാദത്തില്‍ 52.6 കോടി ദിര്‍ഹമിന്റെ ലാഭം നേടിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5.9 കോടി ദിര്‍ഹം മാത്രമായിരുന്നു കമ്പനിയുടെ ലാഭം. ഇത്തവണ 791 ശതമാനത്തിന്റെ വര്‍ധനവാണ് ലാഭത്തില്‍ കൈവരിച്ചത്. 2023നെ അപേക്ഷിച്ച് 2024ല്‍ മൊത്ത വരുമാനത്തില്‍ 98.7കോടി ദിര്‍ഹമിന്റെ വര്‍ധനയും രേഖപ്പെടുത്തി. 2023 ആദ്യപാദത്തില്‍ 4752 ശതകോടി ദിര്‍ഹമായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. 2024 ആദ്യപാദത്തില്‍ ഇത് 5739 ശതകോടി ദിര്‍ഹമായി ഉയര്‍ന്നു. ചരക്ക് നീക്കമടക്കമുള്ള ഇതര വരുമാന സ്രോതസ്സുകളിലും ഇത്തിഹാദ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ടാക്കി. 2024 ആദ്യപാദത്തിലെ മൊത്തം ലാഭം 2023ലെ മൊത്തം ലാഭത്തിനു തുല്യമാണ്. ഈ വര്‍ഷം റമദാന്‍ മാര്‍ച്ച് ആദ്യം വന്നതാണ് വരുമാനത്തിലെ കുതിച്ചുകയറ്റത്തിന് കാരണമായത്.

Tags:    
News Summary - Etihad flew with 87 lakh people for six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.