ദുബൈ: ചരക്ക് ഗതാഗതം ആരംഭിച്ചതിന് പിന്നാലെ ഇത്തിഹാദ് റെയിൽ പാതയിലൂടെ പാസഞ്ചർ സർവിസ് ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തിഹാദ് റെയിലും ഗതാഗത സഹായ ആപ്ലിക്കേഷനായ ഉബറും തമ്മിൽ കരാറിലെത്തി. മികച്ച യാത്രാസൗകര്യം പാതയിലൂടെ സജ്ജമാക്കുന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഉബർ സേവനങ്ങൾ റെയിൽ യാത്രക്കാർക്ക് കൂടി ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി യാത്രക്കാർക്ക് യാത്രാകേന്ദ്രത്തിൽനിന്ന് നേരിട്ട് ഉബർ സേവനം വഴി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാനും ട്രെയിൻ ഇറങ്ങിയശേഷം യാത്രാ ലക്ഷ്യത്തിലേക്ക് എത്താനും സാധിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്ത് മുഴുവൻ യാത്രയും സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കുറഞ്ഞ ഗതാഗത സൗകര്യങ്ങളുള്ള സ്ഥലങ്ങളിലേക്ക് അടക്കം മികച്ച സേവനം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടിവ് നികോളാസ് പെട്രോവിച് പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും വേഗത്തിലും സൗകര്യപ്രദമായും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര ഉറപ്പുവരുത്താനും സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തിഹാദ് റെയിൽവേയിൽ ഉൾപ്പെടുത്തുന്നതിനായി ആഡംബര ട്രെയിനുകൾ എത്തിക്കുന്നതിന് ഇറ്റലിയുമായി നേരത്തെ കരാറിലെത്തിയിട്ടുണ്ട്.
50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയായതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൽ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറവരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. നിലവിൽ ചരക്കുവണ്ടികൾ മാത്രമാണ് ഓടിത്തുടങ്ങിയത്.
പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും 7 ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്ന പാത പ്രതിവർഷം ആറു കോടി ടൺ ചരക്ക് കൊണ്ടുപോകാൻ സഹായിക്കും. ഫെബ്രുവരിയിലാണ് പാതയുടെ ഉദ്ഘാടനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.