ദുബൈ: യു.എ.ഇയുടെ അഭിമാനപദ്ധതിയായ ഇത്തിഹാദ് റെയിൽ അബൂദബി അൽ മഹ വനത്തിലൂടെയും കടന്നുപോകും. മരുപ്പച്ച നിറഞ്ഞ ഈ ഭാഗത്തെ സഞ്ചാരം റെയിൽപാത യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് മനോഹര കാഴ്ചകൾ സമ്മാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തിഹാദ് റെയിൽ സമൂഹമാധ്യമങ്ങളിലൂടെ ഈ ഭാഗത്തുകൂടി കടന്നുപോകുന്ന പാതയുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഈ ഭാഗത്തെ ജന്തുജാലങ്ങളെയും മരങ്ങളെയും സംരക്ഷിച്ചുകൊണ്ടാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പാസഞ്ചർ ട്രെയിനുകൾ ഇത്തിഹാദ് പാതയിലൂടെ ഓടുമെന്ന് നേരത്തേതന്നെ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ പാതയുടെ അൽ മഹ ഭാഗത്തുകൂടി കടന്നുപോവുമ്പോൾ മരുഭൂമിയിൽ അപൂർവമായി ലഭിക്കുന്ന കാഴ്ചകൾക്ക് യാത്രക്കാർക്ക് അവസരമൊരുങ്ങും. പാലങ്ങൾ, കനാലുകൾ, മൃഗങ്ങളുടെ ക്രോസിങ്ങുകൾ എന്നിവ നിർമിച്ച് പ്രകൃതിദത്ത ആവാസവ്യവസ്ഥയും വന്യജീവികളെയും സംരക്ഷിക്കാൻ ഇത്തിഹാദ് റെയിൽ ശ്രദ്ധാപൂർവം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ തുടക്കംമുതൽ യു.എ.ഇയുടെ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താൻ പരിസ്ഥിതി, പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ ആസൂത്രണം ചെയ്തിരുന്നു. റെയിൽപാത നിർമിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാരമ്പര്യമൂല്യമുള്ള ദേശീയ വൃക്ഷങ്ങളായ ഗാഫ്, സിദർ, ഈന്തപ്പന എന്നിവക്ക് പ്രത്യേക സംരക്ഷണം ഒരുക്കിയിരുന്നു. ആയിരക്കണക്കിന് മരങ്ങൾ മാറ്റിനടുകയും പുതുതായി നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ നിരവധി ക്രോസിങ്ങുകൾ ഉൾപ്പെടെ 1200 കിലോമീറ്റർ റെയിൽവേ ശൃംഖലയിൽ വന്യജീവി ഇടനാഴികൾ സൃഷ്ടിക്കാനും അധികൃതർ ജാഗ്രത പുലർത്തിയിട്ടുണ്ട്.
പാതക്കു ചുറ്റുമുള്ള ജന്തുജാലങ്ങളെ സംരക്ഷിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഉൾപ്പെടെ വിവിധതരം ജീവികൾക്ക് അഭയവും ഭക്ഷണവും നൽകുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. മൃഗങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളെയും അവയുടെ യാത്രാവഴികളും പഠനവിധേയമാക്കിയാണ് നിർമാണം ആരംഭിച്ചിരുന്നത്. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.