അബൂദബി: ഇത്തിഹാദ് റെയിലിന്റെ പുതിയ പാസഞ്ചര്‍ സ്റ്റേഷന് ഫുജൈറയിലെ സകാംകമിലിൽ സ്ഥാപിക്കും. അബൂദബിയില്‍ കഴിഞ്ഞദിവസം തുടക്കം കുറിച്ച ആഗോള റെയില്‍ സമ്മേളനത്തിലാണ് ഇത്തിഹാദ് റെയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
11 നഗരങ്ങളെയും മേഖലകളെയുമാണ് ഇത്തിഹാദ് പാസഞ്ചര്‍ റെയില്‍ ബന്ധിപ്പിക്കുന്നതെന്ന് ഇത്തിഹാദ് റെയിലിനു കീഴിലുള്ള പൊതു നയ, സുസ്ഥിരതാ വകുപ്പ് ഡയറക്ടര്‍ അദ്ര അല്‍ മന്‍സൂരി പറഞ്ഞു. ഇതിനകം രണ്ട് യാത്രാ സ്റ്റേഷനുകളുടെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
ഇതിലൊന്ന് ഫുജൈറയിലെ സകാംകമിലും രണ്ടാമത്തേത് ഷാര്‍ജ യൂനിവേഴ്സിറ്റിയിലും ആയിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ചരക്ക് തീവണ്ടി ശൃംഖലയുടെ അടിസ്ഥാന സൗകര്യം തന്നെയാണ് യാത്രാ റെയില്‍ ശൃംഖലക്കുവേണ്ടിയും ഉപയോഗപ്പെടുന്നത്. പാസഞ്ചര്‍ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും.
2030ഓടെ 3.6 കോടി യാത്രികരെ പാസഞ്ചര്‍ ട്രെയിനുകളിലായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്നാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസിനു തുടക്കമാവുകയെന്ന് അദ്ര അല്‍ മന്‍സൂരി വെളിപ്പെടുത്തിയില്ല.
യഥാസമയം ഇക്കാര്യം അറിയിക്കുമെന്ന് അവര്‍ പറഞ്ഞു. 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.