ആഡംബരത്തിന്‍റെ ചൂളം വിളിക്കായി കാതോർക്കാം

മണൽ കാടുകളും മലകളും അരുവികളും ഈന്തപ്പന തോട്ടങ്ങളും പുരാതന നഗരങ്ങളും താണ്ടി മനം മയക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് അറേബ്യൻ മണ്ണിലൂടെ ഒരു പഞ്ചനക്ഷത്ര ട്രെയിന്‍ യാത്രയായാലോ? അങ്ങനെയൊരു സ്വപ്‌നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് യു.എ.ഇ.

വികസന ട്രാക്കിൽ അതിവേഗം കുതിക്കുന്ന ഇത്തിഹാദ് റെയിൽവേ ശൃംഖലയാണ് ആഡംബര വിനോദ സഞ്ചാര ട്രെയിൻ സർവീസിനൊരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എ.ഇയിലുടനീളം ചരക്കു ഗതാഗതം ട്രാക്കിലാക്കിയ ഇത്തിഹാദ് റെയിൽ അടുത്ത വർഷം യാത്രാ ട്രെയിൻ ആരംഭിക്കാനിരിക്കെയാണ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പുതിയൊരു സർവീസ് കൂടി പ്രഖ്യാപിച്ചിരിക്കുന്നത് . രാജ്യത്തിന്‍റെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ആഢംബര ട്രെയിൻ യാത്രയിലൂടെ യു.എ.ഇയുടെ മനോഹര കാഴ്ചകള്‍ ആസ്വദിക്കനാവും. ഇമാറാത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.

രാജ്യത്തെ റെയില്‍വേ നെറ്റ് വർക്കിങ് ഓപ്പറേറ്ററായ ഇത്തിഹാദ് റെയിലും ഇറ്റാലിയന്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനാലെയും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. യു.എ.ഇ ട്രെയിൻ യാത്രയുടെ സുവർണ്ണകാലം ഇതിലൂടെ യാഥാർഥ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, സർവീസ് എപ്പോൾ ആരംഭിക്കുമെന്ന്​ വെളിപ്പെടുത്തിയിട്ടില്ല.

റെയില്‍ ക്രൂയിസ് എന്ന് വിളിക്കപ്പെടുന്ന ട്രെയിൻ സേവനം കിഴക്കൻ എമിറേറ്റായ ഫുജൈറയിലെ പ്രകൃതിദത്ത കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങി ദുബൈ, അബൂദബി എന്നീ കോസ്മോപൊളിറ്റന്‍ നഗരങ്ങളിലൂടെ കടന്നുപോകും. അബൂദബി മെസീറ വഴി ചരിത്ര പ്രസിദ്ധമായ ലിവ മരുഭൂമിയിലൂടെയും പ്രശസ്തമായ മരുപ്പച്ചയിലൂടെയും മനോഹര കാഴ്ചകള്‍ സമ്മാനിച്ച് ഒമാൻ അതിര്‍ത്തിയിലുള്ള മലനിരകളിൽ ചെന്നവസാനിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 15 ആഡംബര ബോഗികള്‍ ഉണ്ടാകുമെങ്കിലും തീവണ്ടിയുടെ കൂടുതല്‍ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇറ്റലിയിലെ പുഗ്ലിയയിലും സിസിലിയയിലുമുള്ള ഫാക്ടറികളിൽ ഇവയുടെ ജോലികള്‍ നടക്കുന്നുണ്ടെന്ന് ആഴ്സനാലെ കമ്പനി വ്യക്തമാക്കി. വിഖ്യാത ഓറിയന്‍റ് എക്‌സ്പ്രസ് പോലെയുള്ള പഴയകാല റെയില്‍വേ യാത്രകള്‍ ഓർമിക്കപ്പെടുന്ന രീതിയിലാണ് ആഡംബര ട്രെയിന്‍ ഒരുക്കുന്നത്. ഇമറാത്തി പൈതൃകങ്ങൾ പ്രതിഫലിപ്പിക്കുന്നതും യു.എ.ഇയുടെ സാഹചര്യങ്ങള്‍ക്ക് അനുസൃതവുമായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ട്രെയിനായിരിക്കും നക്ഷത്ര യാത്രക്കായി ആഴ്‌സനാലെ പാളത്തിലിറക്കുന്നത്. പൂര്‍ണ്ണമായി കസ്റ്റമൈസ് ചെയ്ത ട്രെയിന്‍ സഹിതം ലക്ഷ്വറി ക്രൂയിസ് സര്‍വീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നായി ഇതോടെ യു.എ.ഇ മാറും.

ഉദ്​പാദനം, കരകൗശലം, ഓണ്‍-ബോര്‍ഡ് സേവനങ്ങളുടെ ഗുണനിലവാരം, ഇന്‍റീരിയര്‍ ഡിസൈന്‍ എന്നിവ ഇറ്റാലിയന്‍ വൈദഗ്ദ്യം നിറഞ്ഞതായിരിക്കും. ഇറ്റലിയില്‍ നിര്‍മ്മിച്ച സിഗ്‌നേച്ചര്‍ ബ്രാന്‍ഡിംഗിന്‍റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി മുഴുവനായും വികസിപ്പിക്കുക. യു.എ.ഇയില്‍ റെയില്‍വേ ശൃംഖല പൂര്‍ണ്ണമായി മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിലാണ് ആഡംബര വണ്ടിയും വരുന്നത്. ആഡംബര ട്രെയിന്‍ അനുഭവം യാഥാര്‍ഥ്യമാകുന്നതോടെ യു.എ.ഇയിലെ ടൂറിസം മേഖല പുതിയ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന പൈതൃകവും സൗന്ദര്യവും സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ വഴിയൊരുങ്ങുന്നതോടെ അത് രാജ്യത്തേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനും വഴിയൊരുക്കും. സൗദി അറേബ്യയുടെ വിനോദ റെയിൽവേ പദ്ധതിയായ ദി ഡ്രീം ഓഫ് ദി ഡീസെർട്ടിനു ശേഷം ഗൾഫ് മേഖലയിലെ രണ്ടാമത്തെ പദ്ധതിയാണിത്.

യു.എ.ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന് അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് പാത നിർമിച്ചിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഒമാൻ അതിർത്തിക്കു പുറമെ സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന സില വരെയാണ് മറ്റൊരു പാത അവസാനിക്കുന്നത്. മൊത്തം 1200 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലെ 11 സു​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ റെ​യി​ൽ ക​ട​ന്നു പോകുക.

പാസഞ്ചർ സർവീസ് ആരംഭിക്കാനുള്ള അവസാനവട്ട ഒരുക്കം അതിവേഗം പുരോഗമിക്കുന്നുണ്ട്. തുടക്കത്തിൽ ചരക്കുനീക്കത്തിന് മാത്രമായുള്ള പദ്ധതിയായാണ് പ്രഖ്യാപിച്ചിരുന്നത്. പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്ന കാര്യം മാസങ്ങൾക്ക് മുമ്പാണ് അധികൃതർ വെളിപ്പെടുത്തിയത്. പാസഞ്ചർ ട്രെയിൻ സർവീസിന്‍റെ ഭാഗമായി ഗതാഗത സഹായ ആപ്ലിക്കേഷനായ ഉബറുമായി ഇത്തിഹാദ് റെയിൽ കരാറിലെത്തിയിട്ടുണ്ട്. 50 ശതകോടി ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.

ജി.സി.സി റെയില്‍വേ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ലക്ഷ്വറി റെയിൽ ഭാവിയിൽ സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ജി.സി.സി. രാജ്യങ്ങളിലെ പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കുന്ന 2117 കി.മീ റെയിൽവേ ട്രാക്കിന്‍റെ സാധ്യതാ, ഗതാഗത പഠനങ്ങൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.

Tags:    
News Summary - Etihad Railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.