ഇത്തിഹാദ് റെയില്‍വേ: ആദ്യ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയില്‍

ഫുജൈറ: യു.എ.ഇയിലെ 11 പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽവേയുടെ ആദ്യ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയില്‍. യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലെ സകംകം മേഖലയിലായിരിക്കും സ്റ്റേഷൻ എന്ന് അബൂദബി മീഡിയ ഓഫിസ് ട്വീറ്റ് ചെയ്തു. സിലയില്‍ നിന്ന് തുടങ്ങി ഫുജൈറ വരെ എത്തുന്ന പാത അല്‍ റുവൈസ്, അല്‍ മിര്‍ഫ, അബൂദബി, ദുബൈ, ഷാര്‍ജ, ദൈദ് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഷാർജയിൽ നിന്ന് ഫുജൈറ തുറമുഖത്തേക്കും റാസൽഖൈമയിലേക്കും നിർമിക്കുന്ന 145 കി.മീ നീളത്തിലുള്ള പാത ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് സന്ദർശിച്ചു. പദ്ധതിയുടെ പ്രധാന സവിശേഷതകൾ ശൈഖ് തിയാബ് പരിശോധിച്ചു.

ദുബൈ ശൈഖ് സായിദ് റോഡിലെ E11ന് സമീപത്തെ റെയിൽ പാലത്തിന്‍റെ നിർമാണം ഇത്തിഹാദ് റെയിൽ അടുത്തിടെ ആരംഭിച്ചിരുന്നു. E11ൽ നിർമിച്ച പാലം ജബൽ അലി റെയിൽ ടെർമിനലിലേക്ക് ട്രെയിനുകൾക്ക് പ്രവേശിക്കാൻ സഹായിക്കുകയും അതുവഴി വ്യാപാരം സുഖകരമാക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേയുടെ പണി 2030 ല്‍ പൂർത്തിയാകുന്നതോടെ ദശലക്ഷക്കണക്കിന് യാത്രക്കാരെ പ്രതിവർഷം കൊണ്ടുപോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് 50 മിനിറ്റും അബൂദബിയില്‍ നിന്ന് റുവൈസിലേക്ക് 70 മിനിറ്റും ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് 50 മിനിറ്റും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റും കൊണ്ട് യാത്ര ചെയ്യാൻ ഇതുവഴി സാധിക്കും. പാസഞ്ചർ സർവിസ് എന്ന് തുടങ്ങുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സുഖകരവും സുരക്ഷയോടെയും ഒരേ സമയം നാനൂറോളം യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും. യാത്ര സമയത്തിലും ചെലവിലും 30 ശതമാനം മുതല്‍ 40 ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായിരിക്കും.

യു.എ.ഇയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വികസനപരവും സാമ്പത്തികവുമായ പദ്ധതികളുടെ ഭാഗമായിട്ടാണ് യു.എ.ഇ റെയിൽവേ പ്രോഗ്രാം ആരംഭിച്ചത്. നിക്ഷേപകർക്കും പ്രതിഭകൾക്കും എല്ലാ മേഖലകളിലും അനുയോജ്യമായ സ്ഥലമായി യു.എ.ഇ ഇതുവഴി മാറും. ടൂറിസം മേഖലയിലും ബിസിനസ്‌ മേഖലകളിലും വന്‍ കുതിപ്പിനായിരിക്കും ഇത്തിഹാദ് റെയില്‍വേയുടെ പൂര്‍ത്തീകരണത്തോടെ യു.എ.ഇ സാക്ഷ്യം വഹിക്കുക.

326.7 ദശലക്ഷം ഡോളർ ചെലവുവരുന്ന പാസഞ്ചർ ട്രെയിനുകളുടെ രൂപകൽപന, നിര്‍മാണം, വിതരണം, പരിപാലനം തുടങ്ങിയവയുടെ കരാര്‍ ഇത്തിഹാദ് റെയിൽവേയും സ്പെയിനിലെ സി.എ.എഫ് കമ്പനിയും ഒപ്പിടുന്നതിനും ശൈഖ് തിയാബ് സാക്ഷ്യം വഹിച്ചതായി മീഡിയ ഓഫിസ് അറിയിച്ചു.

Tags:    
News Summary - Etihad Railway: The first passenger station in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.