അതിവേഗ ചാർജിങ് സൗകര്യം ഒരുക്കുമെന്ന് അധികൃതർദുബൈ: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യു.എ.ഇ ഒരുങ്ങുന്നു. നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനമാണ് പുതുതായി സ്ഥാപിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും ന്യായമായ വിലയും നിലനിർത്തിക്കൊണ്ട് ചാർജിങ് സമയം കുറക്കുന്ന സംവിധാനത്തിന് ആവശ്യമായ പുതിയ നിയമനിർമാണം അവതരിപ്പിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയിയാണ് വ്യക്തമാക്കിയത്. അബൂദബിയിൽ നടക്കുന്ന വേൾഡ് യൂട്ടിലിറ്റീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം രാജ്യത്തെ ആകെ സ്റ്റേഷനുകളുടെ എണ്ണം 800ൽ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 2021ൽ പ്രഖ്യാപിച്ച യു.എ.ഇയുടെ നെറ്റ് സീറോ-2050 പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസ്സുകളിൽ 600 ശതകോടി ദിർഹം നിക്ഷേപിക്കുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ ശക്തമാക്കുന്നത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആഗോള ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് പ്രകാരം, യു.എ.ഇയിൽ ഇ.വികളുടെ ആവശ്യം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും 2022-2028 കാലത്ത് 30 ശതമാനം വാർഷിക വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് സജ്ജമായ രാജ്യങ്ങളിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്. ഇതുവരെ യു.എ.ഇ സർക്കാർ ഏജൻസി കാറുകളുടെ അഞ്ചിലൊന്ന് ഇ.വികളാക്കി മാറ്റിയിട്ടുണ്ട്. 2030ഓടെ 42,000 വാഹനങ്ങളാണ് രാജ്യം ആകെ ലക്ഷ്യമിടുന്നത്. 2025ഓടെ ദുബൈയിൽ മാത്രം 1000 പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചിട്ടുണ്ട്. 2022 അവസാനത്തിൽ 620 സ്റ്റേഷനുകളാണുള്ളത്.
അഡ്നോക് ഡിസ്ട്രിബ്യൂഷനും ‘ടാക്ക’ എന്നറിയപ്പെടുന്ന അബൂദബി നാഷനൽ എനർജി കമ്പനിയും അബൂദബിയിൽ ഇ.വികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ നിർമിക്കുന്നതിന് പ്രവർത്തിക്കുന്നുണ്ട്. പ്രധാന സ്ഥലങ്ങളിൽ ഫാസ്റ്റ് ചാർജറുകളുടെ ശൃംഖല നിർമിക്കുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു. വർധിച്ചുവരുന്ന ഇ.വിയുടെ ആവശ്യം പരിഗണിക്കുമ്പോൾ 2030ഓടെ 70,000 ചാർജിങ് പോയന്റുകൾ ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.