ഭാവിയുടെ വേദിയാകാൻ എക്​സ്​പോയിലെ എക്​സിബിഷൻ സെൻറർ

ദുബൈ: ലോകത്തെ ദുബൈ നഗരത്തിലേക്ക്​ ആകർഷിക്കുന്ന ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നാണ്​ ദുബൈ വേൾഡ്​ ട്രേഡ്​ സെൻറർ.നിലക്കാതെ പരിപാടികളും പ്രദർശനങ്ങളും മേളകളും അ​രങ്ങേറുന്ന ഇവിടം നഗരത്തിലെ സുപ്രധാന വേദിയാണ്​. എന്നാൽ അതിനേക്കാൾ വലിയ ഒരു പുത്തൻ വേദിയൊരുങ്ങുകയാണ്​ എക്​സ്​പോ 2020 നഗരിയിൽ. ഈ വേദിയൊരുക്കുന്നത്​ ദുബൈ വേൾഡ്​ ട്രേഡ്​ സെൻറർ തന്നെയാണ്​.

ദുബൈ എക്​സിബിഷൻ സെൻറർ എന്നറിയപ്പെടുന്ന എമിറേറ്റിലെ ഏറ്റവും വലിയ പ്രദർശന കേന്ദ്രമായിരിക്കും ഇത്​. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, എക്​സിബിഷനുകൾ എന്നിവക്ക്​ യോജിച്ച മികച്ച കേന്ദ്രമാണ്​ ഒരുങ്ങുന്നത്​. മേളയുടെ കേന്ദ്രമായ അൽ വസ്​ൽ പ്ലാസയിൽ നിന്ന്​ 300​ മീറ്റർ മാറിയാണിത്​ സ്​ഥിതി ചെയ്യുന്നത്​. എക്​സ്​പോ മെട്രോ സ്​റ്റേഷന്​ സമീപത്താണിത്​ നിർമിച്ചത്​. വിവിധ പരിപാടികൾക്ക്​ ഉപയോഗിക്കാവുന്ന വേദികളുടെ കേന്ദ്രമായ കെട്ടിടം ആകെ 45,000 ചതുരശ്ര മീറ്ററിലാണ്​ നിർമിച്ചിരിക്കുന്നത്​.

സൗത്ത്​, നോർത്ത്​ കോംപ്ലക്​സുകളായി ഇതിനെ വേർതിരിച്ചിട്ടുണ്ട്​. 28,000 ചതുരശ്ര മീറ്റർ വിശാലതയുള്ള സൗത്ത്​ കോംപ്ലക്​സ്​ ഒമ്പത്​ ഹാളുകളായി തിരിച്ചിട്ടുണ്ട്​. ഇതിൽ 300 മുതൽ 20,000 വരെ ആളുകളെ ഉൾക്കൊള്ളും. നോർത്ത്​ കോംപ്ലക്​സിൽ 17,000 ചതുരശ്ര മീറ്ററിലായി അഞ്ചു ഹാളുകളുണ്ട്​. ഇതിൽ 2002 മുതൽ 11,000 വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്​. ഇതിനു​ പുറമെ വിവാഹങ്ങൾ, ഡിന്നർ പാർട്ടികൾ, പ്രത്യേക ചടങ്ങുകൾ എന്നിവക്കും സൗകര്യമുണ്ട്​.

എക്​സ്​പോ 2020 അവസാനിച്ചാലും നിലനിൽക്കുന്ന ഇതിഹാസമായിരിക്കും ദുബൈ എക്​സിബിഷൻ സെൻററെന്ന്​ കേന്ദ്രത്തി​െൻറ എക്​സിക്യൂട്ടിവ്​ വൈസ് ​പ്രസിഡൻറ്​ മാഹിർ അബ്​ദുൽ കരീം ജുൽഫാർ പറഞ്ഞു. വലിയ പരിപാടികൾക്ക്​ ആതിഥ്യമരുളാനുള്ള ദുബൈയുടെ സന്നാഹങ്ങളെ ഇത്​ ശക്തിപ്പെടുത്തുമെന്നും ആഗോളതലത്തിലെ വൻ ബിസിനസ്​ സംരംഭങ്ങളെയും പരിപാടികളെയും ഇതാകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്​സ്​പോ 2020 അവസാനിച്ച ശേഷം രൂപപ്പെടുന്ന ഡിസ്​ട്രിക്ട്​​ 2020യിലെ സുപ്രധാന ലാൻഡ്​മാർക്ക്​ കൂടിയായി ഇതു​ മാറും.

സെൻറർ പ്രവർത്തനമാരംഭിക്കുന്നതോടെ വിവിധ പരിപാടികളിലൂടെയും സന്ദർശകരിലൂടെയും ദുബൈയുടെ സാമ്പത്തിക മേഖലക്കും നേട്ടമുണ്ടാകും. ഹോട്ടലുകൾ, റസ്​റ്ററൻറുകൾ, റീ​ട്ടെയിൽ, ഗതാഗതം, സർക്കാർ സേവനങ്ങൾ എന്നീ മേഖലകളിൽ സാമ്പത്തികനേട്ടം ഇതുണ്ടാക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ദുബൈ വേൾഡ്​ ട്രേഡ്​ സെൻറർ 200 ബില്യൻ ദിർഹമി​െൻറ ജി.ഡി.പി സംഭാവന ചെയ്​തിട്ടുണ്ട്​. 5000 പരിപാടികളിലായി 30 മില്യൺ സന്ദർശകരെ ദുബൈയിലെത്തിക്കാൻ ഇത്​ കാരണമായിട്ടുണ്ട്​. സമാന രീതിയിൽ ഭാവി നഗരത്തി​െൻറ സാമ്പത്തിക മേഖലക്ക്​ ഉത്തേജനം നൽകുന്ന കേ​ന്ദ്രമാകും എക്​സ്​പോ നഗരിയിലെ എക്​സിബിഷൻ സെൻറർ.

Tags:    
News Summary - Exhibition Center at the Expo to be the venue for the future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.