അബൂദബി: 17ാമത് അബൂദബി ഇൻറർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ നാഷനൽ എക്സിബിഷൻ സെൻററിൽ സമാപിച്ചു. ദഫ്റ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് അഞ്ചു ദിവസത്തെ പ്രദർശനം നടന്നത്. മൊത്തം 1,15,000 സന്ദർശകരെയാണ് ഇത്തവണ പ്രദർശനം ആകർഷിച്ചത്. ഏഴു കോടിയിലധികം ദിർഹമിെൻറ വ്യാപാര ഇടപാടുകളാണ് അഞ്ചു ദിവസം നടന്നതെന്നും സംഘാടക കമ്മിറ്റി അറിയിച്ചു.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ശൈഖ് അമർ ബിൻ ഹുമൈദ് അൽ നുഐമി, യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. ഥാനി അൽ സയൂദി, എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ശൈഖ് സുൽത്താൻ ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
41 രാജ്യങ്ങളിൽനിന്നുള്ള 650ലധികം കമ്പനികളും ബ്രാൻഡുകളും ഇക്കുറി പ്രദർശനത്തിലുണ്ടായിരുന്നു. 400ഓളം പ്രാദേശിക-രാജ്യാന്തര പ്രദർശകരും പങ്കെടുത്തു. മൂന്നു ആയുധങ്ങൾ വരെ സ്വന്തമാക്കാൻ യു.എ.ഇ പൗരന്മാർക്ക് സർക്കാർ അനുമതി നൽകിയതിനുശേഷം ഇത്തവണ വേട്ടക്കുപയോഗിക്കുന്ന തോക്കുകളുടെ പ്രദർശന നഗരിയിലും വിൽപന സ്റ്റാളുകളിലും സ്വദേശി പൗരന്മാരുടെ വൻ തിരക്കായിരുന്നു. മറ്റ് രാജ്യങ്ങളിൽനിന്നുള്ള ആയുധങ്ങൾ വാങ്ങാൻ അനുവദിച്ചതിനു ശേഷമാണ് അന്താരാഷ്ട്ര ഹണ്ടിങ് പ്രദർശനത്തിന് ഇത്ര സ്വീകാര്യത വർധിച്ചത്. ആയുധ വിൽപനയിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു.
കുതിരസവാരി, ഫാൽക്കൺറി, വേട്ട, ക്യാമ്പിങ്, മീൻപിടിത്തം, സ്പോർട്സ്, മറൈൻ, വേട്ട ആയുധങ്ങൾ, കല, കരകൗശലം, വേട്ടയാടൽ യാത്രകൾ, സഫാരി, വാഹനങ്ങൾ, ഔട്ട്ഡോർ വിനോദത്തിനുള്ള ഉപകരണങ്ങൾ, സാംസ്കാരിക പൈതൃകം, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നീ വിഭാഗങ്ങളിലായി പ്രധാന പരിപാടികൾ നടന്നു. യു.എ.ഇയുടെ ദേശീയപക്ഷിയായ ഫാൽക്കണിെൻറ ലേലം ശ്രദ്ധേയമായി. 15ലധികം രാജ്യങ്ങളിൽനിന്നുള്ള 200ലധികം ഇനം വേട്ടനായ്ക്കളുടെ പ്രദർശനവും കുതിരാഭ്യാസ പ്രകടനങ്ങളും അൽഐൻ കാഴ്ച ബംഗ്ലാവിലെ പക്ഷി പ്രദർശനവും സന്ദർശകർക്ക് വിസ്മയം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.