ദുബൈ: നാട്ടിലേക്കുള്ള യാത്ര പ്രവാസികൾക്ക് ആഘോഷമാണ്. എന്നാൽ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത ഒരുപറ്റം മനുഷ്യർ ഇന്നലെ യു.എ.ഇയിലെ വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് പറന്നു. കുഞ്ഞുമക്കളും നല്ലപാതിയും മാതാപിതാക്കളും ഉറ്റവരും നഷ്ടപ്പെട്ടതിെൻറ വേദനയുമായി 20ഓളം പേരാണ് കേരളത്തിലേക്ക് തിരിച്ചത്. മണിക്കൂറുകൾക്ക് മുൻപ് പ്രിയപ്പെട്ടവരുടെ ജീവൻ പൊലിഞ്ഞ കരിപ്പൂരിന് പുറമെ കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലാണ് ഇവർ എത്തിയത്. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ പലരുടെയും സംസ്കാരം കഴിഞ്ഞെങ്കിലും ഖബറിടത്തിൽ ഒരുപിടി മണ്ണിടാനും അന്ത്യകർമങ്ങൾ നിർവഹിക്കാനുമായിരുന്നു യാത്ര.
ഒരുദിനം മുൻപ് ദുബൈ വിമാനത്താവളത്തിൽ നിന്ന് ഭാര്യ ഷഹർബാനുവിനെയും (26) മകൾ ഷെസ ഫാത്തിമയെയും (രണ്ട്) യാത്രയാക്കുേമ്പാൾ തൊട്ടടുത്ത ദിവസം വീണ്ടുമൊരു യാത്ര വേണ്ടിവരുമെന്ന് തിരൂർ കല്ലിങ്ങൽ ഷൗക്കത്ത് കരുതിയിരുന്നില്ല. ചികിത്സയിലായിരുന്ന ഭാര്യയുമായി സംസാരിച്ചതിെൻറ ആശ്വാസത്തിൽ നിൽക്കുേമ്പാഴും ഷൗക്കത്തിെൻറ മനസിൽ മകൾ ഷെസ ഫാത്തിമയുടെ മുഖമായിരുന്നു. രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. നേരം പുലർന്നപ്പോൾ ഷൗക്കത്തിനെ തേടിയെത്തിയത് രണ്ട് വയസുകാരിയുടെ മരണവാർത്തയാണ്.
ദുബൈയിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ മുഹമ്മദ് നിജാസിന് നഷ്ടമായത് പ്രിയ പത്നി സാഹിറ ബാനുവിനെയും (29) ഒരു വയസ്സുള്ള മകൻ ഹസൻ മുഹമ്മദിനെയുമാണ്. അഞ്ചാം തീയതി ഇവരെ നാട്ടിലേക്കയക്കാൻ തീരുമാനിച്ചെങ്കിലും വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രി നാട്ടിലേക്ക് തിരിച്ച നിജാസ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അതേ വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്.
നാട്ടിലുള്ള മകൾക്കൊപ്പം നിൽക്കാനാണ് കോഴിക്കോട് സ്വദേശി മുഹമ്മദലിയുടെ ഭാര്യ സിനോബിയയും രണ്ട് മക്കളും ദുബൈയിൽ നിന്ന് പുറപ്പെട്ടത്. മക്കളായ അസം അലിയെയും (15) അഹ്മദ് അലിയെയും (അഞ്ച്) സുരക്ഷിതരാക്കി സിനോബിയ (40) യാത്രയായി. മക്കൾ കോഴിക്കോട് മിംസിൽ ചികിത്സയിലാണ്. അബൂദബിയിൽ നിന്ന് ശനിയാഴ്ച ഉച്ചക്ക് ഇവിടെനിന്ന് തിരിച്ച മുഹമ്മദലി നാട്ടിലെത്തുേമ്പാഴേക്കും ഭാര്യയുടെ സംസ്കാരം കഴിഞ്ഞിരുന്നു.
യാത്രപറഞ്ഞ് കണ്ണൊഴിയും മുൻപേ ഭാര്യയെയും മകളെയും നഷ്ടമായ ദുഖത്തിലാണ് വടകര സ്വദേശി മുരളീധരൻ ശനിയാഴ്ച വിമാനംൽ കയറിയത്. ഭാര്യ രമ്യയും (32) മകൾ ശിവാത്മികയും (അഞ്ച്) മകൻ യദുദേവും (പത്ത്) ഒരുമിച്ചായിരുന്നു യാത്ര. ശനിയാഴ്ച പുലർച്ചെ വരെ ഇവർ എവിടെയാണെന്ന യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഒടുവിൽ, കൊണ്ടോട്ടി മെഴ്സി ആശുപത്രിയിലെ മോർച്ചറിയിൽ തിരിച്ചറിയപ്പെടാതെ കിടന്ന മൃതദേഹങ്ങൾ രമ്യയുടെയും ശിവാത്മികയുടെതുമാണെന്ന് തിരിച്ചറിഞ്ഞു. യദുദേവ് മിംസിൽ ചികിത്സയിലാണ്.
നാല് മാസം ഗർഭിണിയായിരിക്കെയാണ് നാദാപുരം കുമ്മങ്കോട് പാലോള്ളതിൽ മനാൽ അഹമദ് (25) നാട്ടിലേക്ക് തിരിച്ചത്. ഭാര്യയും പിറക്കാനിരിക്കുന്ന കുഞ്ഞു ജീവനും നഷ്ടമായതിെൻറ നൊമ്പരത്തിലാണ് ആതിഫും മാതാവും ശനിയാഴ്ച കോഴിക്കോട്ടേക്ക് വിമാനം കയറിയത്.
യു.എ.ഇ സർക്കാർ നീട്ടികൊടുത്ത വിസ കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രമാണ് ബാക്കി. ഇതിന് മുൻപ് നാടണയാനാണ് ലൈലാബി (51) എയർ ഇന്ത്യ വിമാനത്തിൽ കയറിയത്. വിസ വേണ്ടാത്ത ലോകത്തേക്ക് യാത്രയായ ഭാര്യയുടെ ഖബറിടത്തിൽ ഒരുപിടിമണ്ണിടാൻ ഭർത്താവ് ഉമ്മറും മകൻ ബനീഫും മരുമകൾ അസ്മാബിയും ൈഫ്ല ദുബൈ വിമാനത്തിൽ നാട്ടിലെത്തി.
സൈതൂട്ടിക്ക് നഷ്ടമായത് രണ്ട് ദിവസം മുൻപ് വരെ ഒപ്പമുണ്ടായിരുന്ന മകൻ സഹീർ സെയ്ദിനെയാണ് (38). ഗുരുതരമായി പരിക്കേറ്റ ഭാര്യ ഐ.സി.യുവിലാണ്. മകളും കൊച്ചുമകനും പരിക്കൊന്നുമില്ലാതെ വീട്ടിലെത്തിയതിെൻറ ആശ്വാസം മാത്രമാണ് കൂട്ടിനുള്ളത്. ശനിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട വിമാനത്തിലാണ് സൈതൂട്ടി നാട്ടിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.