അജ്മാന്: അവധി വന്നെത്തിയിട്ടും നാട്ടിലേക്ക് തിരിക്കാനാകാതെ പ്രവാസി മലയാളി. കഴിഞ്ഞ 20 വര്‍ഷമായി യു.എ.ഇയിലുള്ള കോഴിക്കോട് സ്വദേശി കൊറോണ സമയത്ത് പതിവ് ലീവിന് നാട്ടില്‍ പോയിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹം വയറ്റില്‍ വേദനയുണ്ടെന്ന ഭാര്യയുടെ നിരന്തര ആവലാതിയെ തുടര്‍ന്നാണ് ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചത്. പാന്‍ക്രിയാസിലെ കല്ലിന് വേണ്ടി ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബായോപ്സിക്ക് അയച്ചപ്പോഴാണ് ട്യൂമറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ഭാര്യയുടെ ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തിന് പ്രതീക്ഷിക്കാത്ത വലിയൊരു തുക ചെലവ് വന്നു. ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. ഭാര്യയുടെ ചികിത്സയുടെ ഭാഗമായി ആറുമാസത്തിനടുത്ത് നാട്ടില്‍ നില്‍ക്കേണ്ടി വന്ന ഇദ്ദേഹത്തിന് വിസ തീരുമെന്ന നിര്‍ബന്ധിത ഘട്ടത്തില്‍ യു.എ.ഇയിലേക്ക് തിരിച്ചുപോരേണ്ടി വന്നു. ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇദ്ദേഹത്തെ ക്രെഡിറ്റ് കാര്‍ഡ് അടവ് മുടങ്ങിയ വകയില്‍ പൊലീസ് പിടികൂടി. സുഹൃത്തുക്കളുടെ സഹായത്തോടെ ഫൈന്‍ അടച്ചതിന്റെ അടിസ്ഥാനത്തില്‍ താൽക്കാലികമായി പൊലീസ് വിടുകയും തുടര്‍ന്ന് ജോലിക്ക് കയറുകയും ചെയ്തു.
പരിചയക്കാരില്‍നിന്നും കടം വാങ്ങിയാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ശേഷിച്ച തുക അടച്ചത്. ഭാര്യയുടെ തുടര്‍ചികിത്സക്ക് തന്നെ പണം കണ്ടെത്താന്‍ കഴിയാത്തതുമൂലം കടം വാങ്ങിയ ഈ പണം തിരിച്ചുനല്‍കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. വീട്ടിലെ ചെലവും ചികിത്സയും തന്റെ വരുമാനംകൊണ്ട് തികയാതെ വരുന്നതിനിടെ രണ്ടുവര്‍ഷം കടന്നുപോയി. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവധിയുടെ സമയം വന്നെത്തി. അവധി നിര്‍ബന്ധമായും എടുക്കണം എന്നത് കമ്പനി നിയമമായതിനാല്‍ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്.
അസുഖബാധിതയായ തന്റെ സഹധർമിണിയെ ഒന്നുകാണണം പരിചരിക്കണം എന്ന മോഹം വല്ലാതെ അലട്ടുന്നുണ്ടെങ്കിലും പ്രാരബ്ധങ്ങള്‍ വഴിയില്‍ വിലങ്ങുതടിയായി നില്‍ക്കുകയാണ്. നിര്‍ബന്ധിത അവധിയെടുത്ത് വീട്ടില്‍ ഒറ്റക്കിരിക്കുമ്പോള്‍ കൂട്ടായി വരുന്ന വെമ്പലുകള്‍ പൈശാചിക ചിന്തകളെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതായി സംസാരത്തില്‍ ഇദ്ദേഹം പങ്കുവെക്കുന്നു. ഫോൺ: 0545459186
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.