ദുബൈ: യു.എ.ഇയിൽനിന്നുകൊണ്ടുതന്നെ സന്ദർശകവിസ മാറാനുള്ള സൗകര്യം ഒഴിവാക്കിയതോടെ വിസമാറ്റത്തിനായി അതിർത്തി കടന്ന് പ്രവാസികൾ. പ്രധാനമായും ഒമാനിലേക്കാണ് യാത്രചെയ്യുന്നത്. ഇതിനായി പ്രത്യേക പാക്കേജുകൾ ട്രാവൽ ഏജൻസികൾ ഒരുക്കിയിട്ടുണ്ട്. ദുബൈ എമിറേറ്റിലുള്ളർക്ക് ഇവിടെനിന്നുകൊണ്ടുതന്നെ വിസ മാറാമെങ്കിലും 2000 ദിർഹമിലേറെ മുടക്കേണ്ടിവരും. എന്നാൽ, ബസിൽ കയറി ഒമാനിൽ പോയി വിസ മാറി തിരിച്ചെത്തുന്നതിന് ഇതിന്റെ പകുതി തുകയേ ചെലവാകുകയുള്ളൂ. അതിനാൽ, ദുബൈയിലുള്ളവർ പോലും തിരഞ്ഞെടുക്കുന്നത് ഒമാൻ യാത്രയാണ്. ഇതോടെ, ഒമാനിലേക്ക് പ്രവാസികൾ ഒഴുകുകയാണ്. ബസിൽ ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഒമാനിലേക്കുള്ള ബസ് സർവിസ് ഇരട്ടിയാക്കിയെങ്കിലും ഫലമില്ല. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിട്ടുണ്ട്.
ബസ് വഴിയും സ്വന്തം വാഹനത്തിലും വിമാനത്തിലും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. യു.എ.ഇ അതിർത്തി കടന്നുകഴിഞ്ഞ് വിസക്കുവേണ്ടി ഓൺലൈനിൽ അപേക്ഷിച്ചാൽ നാലു മുതൽ എട്ടു മണിക്കൂറിനുള്ളിൽ ലഭിക്കും. ബസ് ചാർജ്, വിസ ചെലവ്, ഒരുദിവസത്തെ താമസം അടക്കം നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവൽ കമ്പനികൾ ഈ സമയത്ത് ഏർപ്പാട് ചെയ്യുന്നുണ്ട്. അവർ ഒമാൻ അതിർത്തികഴിഞ്ഞയുടൻ അഖർ, ലിവ, ഷിനാസ് എന്നിവിടങ്ങളിൽ താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിസ ലഭിക്കുന്നമുറക്ക് തിരിച്ചുള്ള യാത്രാസൗകര്യവും ലഭിക്കും.
ജോലിതേടി ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് യു.എ.ഇയിൽ ദിവസവും എത്തുന്നത്. നാട്ടിലേക്ക് മടങ്ങി വീണ്ടും തിരിച്ചുവരാൻ ഈ സീസൺടൈമിൽ വിമാനയാത്ര നിരക്ക് ഉയർന്നതാണ്. ഒമാനിലേക്കല്ലാതെ ബന്ധുക്കളുള്ള മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വിസമാറ്റത്തിനായി ആളുകൾ പോകുന്നുണ്ടെങ്കിലും സുൽത്താനേറ്റിലേക്കുള്ള യാത്രയാണ് കൂടുതലാളുകളും തിരഞ്ഞെടുക്കുന്നത്. മുമ്പ് ഇറാനിലെ കിഷ് ദ്വീപിൽ വിസമാറ്റത്തിനായി ആളുകൾ പോയിരുന്നെങ്കിലും ഇപ്പോൾ അവിടേക്ക് യാത്രയില്ല.
യു.എ.ഇ നേരത്തെ മൂന്ന് മാസ സന്ദർശകവിസ നിർത്തലാക്കിയിരുന്നു. നിലവിൽ രണ്ട് മാസ വിസ മാത്രമാണ് നൽകുന്നത്. ഇതോടെ, രണ്ട് മാസം കഴിയുമ്പോൾ അതിർത്തികടന്ന് പുതിയ വിസയുമായി തിരിച്ചുവരേണ്ട അവസ്ഥയിലാണ് മലയാളികൾ അടക്കമുള്ളവർ.
ജോലിതേടി എത്തുന്നവർക്ക് പലപ്പോഴും ഉദ്ദേശിച്ചസമയത്ത് ജോലി ലഭിക്കാറില്ല.
ഇതോടെ വീണ്ടും വിസ പുതുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.