ദുബൈ: ആഗോള തലത്തിലെ മുൻനിര ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 2021 ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020യുടെ ഇന്ത്യൻ പവലിയനിൽ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേേമ്പഴ്സ് ഓഫ്കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായാണ് (ഫിക്കി) മുഖ്യ സ്പോൺസർമാരിലൊരാളായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.
ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഫിക്കി അസി. സെക്രട്ടറി ജനറൽ ഡോ. ഗുൻവീന ഛദ്ദ, സീനിയർ ഡയറക്ടർ പ്രവീൺ കുമാർ മിത്തൽ, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ സലീഷ് മാത്യു എന്നിവരും ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സന്നിഹിതരായി.
പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ ലോക എക്സ്പോയാണ് ദുബൈ എക്സ്പോ 2020. എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയൻ കഴിഞ്ഞ 75 വർഷത്തിനിടയിൽ സ്വന്തമാക്കിയ രാജ്യത്തിെൻറ നേട്ടങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, അത് നൽകുന്ന ബിസിനസ് അവസരങ്ങൾ, സാംസ്കാരിക വൈവിധ്യം, പൈതൃക സമ്പത്ത് എന്നിവ പ്രദർശിപ്പിക്കും. യുഗങ്ങളുടെ പഴക്കമുള്ള യോഗയുടെ പാരമ്പര്യം മുതൽ ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ പ്രവേശനം വരെ ഉൾപ്പെടുന്ന പവലിയൻ, ഊർജസ്വലവും അഭിലാഷപൂർണവുമായ ഇന്ത്യയെ അവതരിപ്പിക്കുന്നതായിരിക്കും.
മെഗാ ദീപാവലി, ഹോളി ആഘോഷങ്ങൾക്കും പവലിയൻ ആതിഥേയത്വം വഹിക്കും. ബിസിനസ്, നവീകരണം, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ വിവിധ സംസ്ഥാനങ്ങൾക്ക് അവരുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേക പവലിയനുകളുമുണ്ടാകും.
മൂന്നാം നില, പ്രമുഖ ഇന്ത്യൻ കമ്പനികൾക്ക് വേണ്ടിയായിരിക്കും. മികച്ച ഇന്ത്യൻ ബ്രാൻഡുകൾ ഇവിടെ പ്രദർശിപ്പിക്കും. സമ്പന്നമായ ഇന്ത്യൻ ജ്വല്ലറി മേഖലയുടെ കല, സംസ്കാരം, പൈതൃകം, പാരമ്പര്യം എന്നിവ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള പ്രേക്ഷകർക്ക് മുന്നിൽ ഇവിടെ അവതരിപ്പിക്കും.
ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളും ഭാവിയിലേക്കുള്ള വീക്ഷണങ്ങളും അടയാളപ്പെടുത്താൻ സ്വാതന്ത്ര്യ ദിനാഘോഷം ആരംഭിച്ച വേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും, രാജ്യത്തിെൻറ കരകൗശല ആഭരണങ്ങളുടെ കല, സംസ്കാരം, പൈതൃകം, പാരമ്പര്യം എന്നിവ ആഗോളവേദിയിൽ പ്രദർശിപ്പിക്കുന്നതിനും എക്സ്പോ 2020യിലെ ഞങ്ങളുടെ സാന്നിധ്യം മികച്ച അവസരമൊരുക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.
എക്സ്പോ വേളയിൽ ഇന്ത്യ പവലിയനുമായി വിവിധ പ്രൊമോഷനുകൾക്കും, പ്രദർശനങ്ങൾക്കും കൈകോർക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ജ്വല്ലറി നിർമാണവും കലയും അനുഭവിച്ചറിയാനുള്ള പ്രത്യേക മേഖലയും ഒരുക്കും.
പരമ്പരാഗത രീതികൾ ഉപയോഗിച്ച് സൗന്ദര്യാത്മകമായി രൂപകൽപന ചെയ്ത ആഭരണങ്ങൾ ഉൾക്കൊള്ളുന്ന സിഗ്നേച്ചർ ബ്രൈഡൽ ഷോ എക്സ്പോയിൽ അവതരിപ്പിക്കും.'മനസ്സുകളെ ചേർത്ത് ഭാവിയെ സൃഷ്ടിക്കുക'എന്ന പ്രമേയത്തിൽ ഒരുക്കുന്ന ദുബൈ എക്സ്പോ 2020 ആറുമാസം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.