ദുബൈ: അബൂദബിയിലെ പടിഞ്ഞാറൻ ഭാഗമായ ലിവ മരുഭൂമിയിൽനിന്ന് ആരംഭിച്ച് എക്സ്പോ-2020 ദുബൈയിൽ അവസാനിക്കുന്ന അന്താരാഷ്ട്ര ഒട്ടകയാത്ര സംഘത്തെ കാണാൻ അപ്രതീക്ഷിതമായി ഒരതിഥിയെത്തി. ഡിസംബർ ഒമ്പതിന് ആരംഭിച്ച യാത്ര ചൊവ്വാഴ്ച എക്സ്പോയിൽ സമാപിക്കാനിരിക്കെയാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാഹസിക യാത്രികരെ അഭിവാദ്യം ചെയ്തത്. 21 വ്യത്യസ്ത രാജ്യങ്ങളിൽനിന്നെത്തിയ 29 യാത്രക്കാരാണ് 13 ദിവസം നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻററാണ് ഏറ്റവും വലിയ മരുഭൂ കാരവൻ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ എട്ടാമത്തെ എഡിഷനാണ് ഇത്തവണ ഒരുക്കപ്പെട്ടത്. സീഹ് അൽ സലാമിൽ കാരവനെ കണ്ടുമുട്ടാൻ ശൈഖ് മുഹമ്മദ് തിങ്കളാഴ്ച രാവിലെയാണ് എത്തിച്ചേർന്നത്. സഞ്ചാരികളെ അഭിവാദ്യം ചെയ്യുകയും യാത്ര ശുഭകരമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻറർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദംലൂകുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും ലോകത്തിലെ വിവിധ സംസ്കാരങ്ങൾക്കിടയിൽ സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിന് ശൈഖ് മുഹമ്മദിനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും അബ്ദുല്ല ഹംദാൻ ബിൻ ദംലൂക് നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.