ദുബൈ: എക്സ്പോയിലെ ഏറ്റവും മികച്ച പവലിയനുള്ള ഗോൾഡ് മെഡൽ സൗദി അറേബ്യ കരസ്ഥമാക്കി. ഏറ്റവും വിസ്തൃതിയുള്ള പവലിയനുകളുടെ വിഭാഗത്തിലാണ് സൗദി ഒന്നാമതെത്തിയത്. ഈ വിഭാഗത്തിൽ സ്വിറ്റ്സർലൻഡിനാണ് രണ്ടാം സ്ഥാനം.
ചൈന മൂന്നാം സ്ഥാനം നേടി. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ പവലിയനുകളെ അഞ്ച് വിഭാഗമായി തിരിച്ചാണ് പുരസ്കാരം നിർണയിച്ചത്. കാറ്റഗറി സി വിഭാഗത്തിൽ ഖത്തർ മൂന്നാം സ്ഥാനം നേടി. മികച്ച എക്സിബിഷൻ രൂപകൽപനക്കുള്ള ഗോൾഡ് മെഡൽ ജപ്പാൻ നേടിയപ്പോൾ പാകിസ്താൻ ഈ വിഭാഗത്തിൽ രണ്ടാമതെത്തി.
നഗരത്തിലെ എല്ലാ റോഡുകളും വ്യാഴാഴ്ച എക്സ്പോ 2020 ദുബൈയിലേക്കായിരുന്നു. പ്രവൃത്തി ദിവസമായിരുന്നിട്ടും ആയിരങ്ങൾ അത്ഭുതങ്ങളുടെ മഹാമേളയുടെ വിസ്മയകരമായ പരിസമാപ്തി കാണാനായി ഒഴുകിയെത്തി. എക്സ്പോ പതാക അടുത്ത വിശ്വമേളയുടെ ആതിഥേയരായ ജപ്പാൻ അധികൃതർക്ക് കൈമാറുന്ന ചടങ്ങുകൾക്ക് ശേഷം ആയിരങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന കലാപരിപാടികൾ ആരംഭിച്ചു.
പല വർണങ്ങളിൽ തെളിഞ്ഞ വെളിച്ചവും വെടിക്കെട്ടും പിന്നീട് നഗരിയുടെ മണ്ണുംവിണ്ണും വർണശബളമാക്കി. ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രകടനം, അറബ് പാരമ്പര്യ കലകൾ, ഉദ്ഘാടക ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടതിന് സമാനമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, യു.എ.ഇയുടെ ഭാവിയെക്കുറിച്ച് പറയുന്ന ആവിഷ്കാരം എന്നിവ കൂട്ടത്തിൽ ശ്രദ്ധനേടി.
എല്ലാ രാജ്യങ്ങളുടെ പവലിയനുകളും പ്രദർശനങ്ങൾ വൈകുന്നേരത്തോടെ അവസാനിപ്പിച്ചിരുന്നു. എക്സ്പോ പതാക താഴ്ത്തിയതോടെ മിക്ക പവലിയനുകളും കുറച്ചുസമയത്തേക്ക് വെളിച്ചമണച്ചു. എക്സ്പോ കവാടങ്ങൾക്ക് പുറത്തും വെടിക്കെട്ടുകളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാമായിരുന്നു.
എക്സ്പോ 2020 ദുബൈയുടെ സമാപന പരിപാടികൾ വീക്ഷിക്കുന്നതിന് എത്തിച്ചേർന്നത് ജനസാഗരം. സമീപകാലത്തൊന്നും യു.എ.ഇ ദർശിച്ചിട്ടില്ലാത്ത ആൾകൂട്ടമാണ് വ്യാഴാഴ്ച രാവിലെ മുതൽ നഗരിയിലെത്തിയത്. പലരും മണിക്കൂറുകൾ വരിയിൽ നിന്നാണ് അകത്തേക്ക് പ്രവേശനം നേടിയത്. വൈകുന്നേരമായതോടെ സന്ദർശകരാൽ എക്സ്പോ നഗരി നിറഞ്ഞു കവിഞ്ഞിരുന്നു.
എന്നാൽ അപ്പോഴും അകത്തേക്ക് പ്രവേശിക്കാൻ ആയിരങ്ങൾ പുറത്തു കാത്തുനിൽക്കുന്ന അവസ്ഥയായിരുന്നു. മെട്രോയിലും എക്സ്പോ റൈഡർ ബസുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. എക്സ്പോ നഗരിയിലേക്കുള്ള റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞു കവിയുകയും ചെയ്തു.
എന്നാൽ നഗരിയിൽ പരിപാടികൾ വീക്ഷിക്കാൻ പലസ്ഥലങ്ങളിലായി സൗകര്യമൊരുക്കിയതിനാൽ പ്രധാന വേദിയായ അൽ വസ്ൽ പ്ലാസയിൽ തിരക്ക് കുറച്ചു. വളരെ നേരത്തെ അകത്ത് പ്രവേശിച്ചവർക്ക് മാത്രമാണ് അൽ വസ്ൽ പ്ലാസയിൽ നിന്ന് പരിപാടികൾ കാണാനായത്. പലഘട്ടങ്ങളിലായി നടന്ന വെടിക്കെട്ട് നഗരിയിൽ പല ഭാഗങ്ങളിലായി നിലയുറപ്പിച്ച കാണികൾക്ക് ആവേശം പകരുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.