ദുബൈ: 100 ദിനങ്ങൾക്കപ്പുറം വിസ്മയവുമായി ഒരുങ്ങുന്ന ദുബൈ എക്സ്പോയിലേക്ക് ലോകത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്ത് യു.എ.ഇ രാഷ്ട്രനേതാക്കളും സ്ഥാപനങ്ങളും എക്സ്പോയിലേക്ക് കൗണ്ട് ഡൗൺ സജീവമാക്കി.
എക്സ്പോ വേദിയിലെ അൽവാസൽ ഡോമിലും ബുർജ് ഖലീഫയിലും 100 ദിന കൗണ്ട് ഡൗൺ അടയാളപ്പെടുത്തി ലൈറ്റുകൾ തെളിഞ്ഞു.192 രാജ്യങ്ങളുടെ സംഗമത്തിന് 100 ദിനം മാത്രം ബാക്കിയാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ പരിപാടിയാണിത്. 192 പവലിയനുകളും 30,000 വളൻറിയേഴ്സും എക്സ്പോക്ക് ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക, വിജ്ഞാനമേളയായിരിക്കും ഇത്. മഹാമാരിക്ക് ശേഷമുള്ള കാലത്തിെൻറ പ്രധാന സാമ്പത്തിക, സാംസ്കാരിക വികസനത്തിലേക്കുള്ള വഴികാട്ടിയാകും എക്സ്പോ. ലോകത്തിലെ ഏറ്റവും വലിയ സംസ്കാരിക പരിപാടിക്ക് ആതിഥ്യംവഹിക്കുന്നതിലൂടെ മഹാമാരിയെ മറികടന്ന മാനുഷിക ഐക്യത്തിെൻറ ശക്തിയാണ് പ്രതിഫലിക്കുന്നത്.
പകർച്ചവ്യാധിയെ നേരിടാൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ലോകം പുതിയ ഘട്ട സഹകരണത്തിന് തയാറെടുക്കുകയാണ്. അറിവും പുതുമകളും പങ്കിടാനുള്ള വേദിയാണ് എക്സ്പോ ഒരുക്കുന്നത്. ലോകത്തിെൻറ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകളെ സ്വാഗതം ചെയ്യുന്നു. നമുക്ക് എക്സ്പോയിൽ കാണാമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇയുടെ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, സാങ്കേതിക മേഖലകളെ ഉടച്ചുവാർക്കാനൊരുങ്ങുന്ന എക്സ്പോ ഒക്ടോബർ ഒന്നിനാണ് തുടങ്ങുന്നത്. അഞ്ച് വർഷം മുമ്പ് തുടങ്ങിയ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് തുടങ്ങേണ്ടതാണ്.
എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഹാമാരിയാണ് എക്സ്പോ നീട്ടിവെക്കാൻ ഇടയാക്കിയത്. വാക്സിനേഷൻ പരമാവധി ജനങ്ങളിലേക്കെത്തിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറക്കാനാണ് യു.എ.ഇയുടെ പദ്ധതി. എക്സ്പോയിലെ എല്ലാ വളൻറിയേഴ്സിനും സൗജന്യമായി വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, എക്സ്പോയിലെ സന്ദർശകർക്ക് വാക്സിൻ നിർബന്ധമാക്കില്ലെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.