അറബ് ലോകത്തെ ശ്രദ്ധേയമായ ലൈഫ് സ്റ്റൈൽ മാഗസിനുകളിലൊന്നാണ് 'സഹ്റ അൽ ഖലീജ്'. അറബിയിൽ പ്രസിദ്ധീകരിക്കുന്ന ഇതിെൻറ സെപ്റ്റംബർ ലക്കത്തിന്റെ കവറിൽ എട്ട് ഇമാറാത്തി സ്ത്രീകളുടെ ചിത്രമുണ്ട്. ലോകത്തിന് അൽഭുതക്കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന എക്സ്പോ 2020യുടെ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണിവരെല്ലാം. സ്ത്രീമുന്നേറ്റത്തിൽ നിശബ്ദ വിപ്ലവം തുടരുന്ന യു.എ.ഇ ആഥിത്യമരുളുന്ന മേളയുടെ 50ശതമാനം പ്രവർത്തനങ്ങളും വനിതകളാണ് നിർവഹിച്ചത്. 61ശതമാനം പേരും സ്വദേശി സ്ത്രീകളാണെന്നതും ശ്രദ്ധേയം. എക്സ്പോ ചരിത്രത്തിലാദ്യമായി ഇത്തവണ സ്ത്രീകൾക്കായി പ്രത്യേക പവലിയൻ ഒരുങ്ങിയിട്ടുണ്ട്. നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന കമ്മിറ്റികളിലെല്ലാം സ്ത്രീകൾക്ക് പ്രധാന റോളുണ്ട്. എക്സ്പോ 2020 ദുബൈ ഡയറക്ടർ ജനറൽ റീം അൽ ഹാഷിമി, എക്സ്പോ രാഷ്ട്രീയകാര്യ വകുപ്പ് വൈസ് പ്രസിഡൻറ് മഹ അൽ ഗർഗാവി, പ്രതിനിധി വകുപ്പ് മാനേജ്മെൻറ് വൈസ് പ്രസിഡൻറ് ഹിന്ദ് അൽഉവൈസ് എന്നിവർ ഇവരിൽ പ്രമുഖരാണ്.
സ്ത്രീകൾ മുന്നിൽ നിന്ന് നയിക്കുേമ്പാൾ മാനവിതക്കും സമൂഹത്തിനും എന്ത് സംഭവിക്കുമെന്ന് കാണിക്കാനാണ് എക്സ്പോയിലൂടെ ഉദ്ദേശിക്കുന്നത് -സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റീം അൽ ഹാഷിമി പറഞ്ഞ വാക്കുകളാണിത്. സ്ത്രീകളുടെ സാന്നിധ്യം യാദൃശ്ചികതയല്ല, ആസൂത്രിതമായിരുന്നു എന്നാണവർ വിശദീകരിച്ചത്. എക്സ്പോയുടെ എല്ലാമെല്ലായ വ്യക്തി ആരെന്ന ചോദ്യത്തിെൻറ ഉത്തരമാണ് റീം ഇബ്രാഹീം അൽ ഹാഷിമി. യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രികൂടിയാണിവർ. എക്സ്പോയുടെ തുടക്കം മുതൽ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും തളരാതെ ഇവർ ടീമിനെ ശരിയായ ദിശയിൽ നയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആശങ്കകൾ കനത്തപ്പോഴും യു.എ.ഇ ഭരണാധികാരികളുടെ നിർദേശങ്ങൾക്കൊത്ത് പ്രവർത്തിച്ചു. എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ ലോക രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ നയിക്കുന്നത് ഇവരാണ്. അവസാനമായി യു.എൻ സെക്രട്ടറി ജനറലുമായി നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ സംഘത്തെ നയിച്ചത് റീം അൽ ഹാഷിമി തന്നെ.
ഹാവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി, 2008ഫെബ്രുവരിയിലാണ് യു.എ.ഇ സഹമന്ത്രി പദത്തിലെത്തുന്നത്. അതിനു മുമ്പ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആരംഭിച്ച 'ദുബൈ കെയേഴ്സ്' എന്ന സംവിധാനത്തിെൻറ മേധാവിയയായിരുന്നു. നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈാര്യം ചെയ്യുന്ന വിദേശകാര്യ വകുപ്പ് ചുമതലയും വഹിക്കുന്നുണ്ട്. എക്സ്പോ 2020യുടെ വേദിയായി ദുബൈയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സജീവമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. എക്സ്പോയിൽ വുമൺ പവലിയൻ ആരംഭിക്കുന്നതിന് താൽപര്യമെടുത്തതും ഇവരാണ്.
മഹാമേളയുടെ സംഘാടനത്തിൽ മുന്നിൽനിൽക്കുന്ന വനിതകളിൽ ശ്രദ്ധേയായ മറ്റൊരാളാണ് എക്സ്പോ രാഷ്ട്രീയകാര്യ വകുപ്പ് വൈസ് പ്രസിഡൻറ് മഹ അൽ ഗർഗാവി. നേരത്തെ സർക്കാറിെൻറ വിവിധ പദവികൾ വഹിച്ച ഇവർ തുടക്കം മുതൽ എക്സ്പോയുടെ പ്രവർത്തനങ്ങളുടെ നേതൃത്വത്തിലുണ്ട്. സ്ത്രീ നേതൃത്വത്തിെൻറ സാന്നിധ്യം വനിതകളെ കുറിച്ച സ്റ്റീരിയോടൈപ്പുകൾ പൊളിച്ചെഴുതുമെന്നാണ് മഹയുടെ അഭിപ്രായം. അറബ് സ്ത്രീകളെ കുറിച്ചും ഞങ്ങളുടെ കഴിവിനെ കുറിച്ചും ഇവിടെ ലഭിക്കുന്ന അവകാശങ്ങളെയും നേട്ടങ്ങളെയും സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. എക്സ്പോയിലെ വനിത നേതൃത്വം ഈ മുൻധാരണകളെ ഇല്ലാതാക്കും -അവർ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ വനിത വേദിയിൽ ഉന്നത സ്ഥാനം വഹിച്ചിരുന്നയാളാണ് എക്സ്പോയുടെ പ്രതിനിധി വകുപ്പ് മാനേജ്മെൻറ് വൈസ് പ്രസിഡൻറ് ഹിന്ദ് അൽഉവൈസ്. മേളയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുമ്പാണ് യു.എൻ വുമൺ സീനിയർ അഡ്വൈസർ ചുമതല വഹിച്ചത്. സിറിയൻ സംഘർഷമടക്കമുള്ള വിഷയങ്ങളിൽ യു.എ.ഇയുടെ പ്രതിനിധിയായി ഇടപെട്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധേയയാണ്. ഇമാറാത്തി സ്ത്രീകളുടെ ശാക്തീകരണത്തിനായി വിവിധ പദ്ധതികളിലും സ്ഥാപനങ്ങളിലും ഭാഗമായിട്ടുമുണ്ട്. എക്സ്പോ മുന്നൊരുക്കങ്ങളിൽ സജീവ സാന്നിധ്യമായ ഇവർ വിവിധ രാജ്യങ്ങളുടെ ഏകോപനമടക്കമുള്ള പ്രവർത്തനങ്ങളെ നയിക്കുന്നു.
നേതൃസ്ഥാനങ്ങളിലെന്ന പോലെ വളണ്ടിയർ വിങ് വരെയുള്ള എല്ലാ മേഖലകളിലും ഇമാറാത്തി സ്ത്രീകൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കലാവിഷ്കാരങ്ങൾ, വൈജ്ഞാനിക സംവാദങ്ങൾ, ഭക്ഷ്യമേളകൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങി എക്സ്പോയിൽ ഉയരുന്ന ഓരോ ഈവൻറുകളിലും പെൺമുദ്ര പതിഞ്ഞിട്ടുണ്ട്. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾകൊള്ളുന്ന 30,000വളണ്ടിയർമാരിൽ വലിയ ശതമാനവും സ്ത്രീകളാണ്. ഇത്തരത്തിൽ മുകൾ തട്ട് മുതൽ എല്ലാ മേഖലകളിലും സ്ത്രീകൾ നിർണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ലോകമേളക്കാണ് തിരശീല ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.