ദുബൈ: ലോകത്തെ അതിശയിപ്പിച്ച എക്സ്പോ ലോകമേളയുടെ വേദിയായ മണ്ണിൽ താമസകേന്ദ്രങ്ങൾ ഒരുങ്ങുന്നു. എക്സ്പോ സിറ്റിയിൽ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന സുസ്ഥിര താമസ സ്ഥലങ്ങളുടെ വിൽപനയുടെ പ്രാരംഭഘട്ടം ആരംഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. എക്സ്പോ സിറ്റി ദുബൈയിലെ റസിഡൻഷ്യൽ യൂനിറ്റുകളുടെ ആദ്യത്തെ ഫ്രീ ഹോൾഡ് വിൽപനക്ക് 1.2 മില്യൺ ദിർഹം മുതലാണ് വില നിശ്ചയിച്ചുട്ടുള്ളത്.
എക്സ്പോ സെൻട്രലിലെ കണ്ടൽക്കാടുകളുടെ പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തിൽ ‘മാൻഗ്രോവ് റസിഡന്റ്സും’, പരിസ്ഥിതിയുടെ സൗന്ദര്യം ചോരാതെ സൂക്ഷിക്കുന്ന ‘എക്സ്പോ വാലി’യുമാണ് താമസക്കാർക്ക് ഒരുങ്ങുന്നത്. അപ്പാർട്മെന്റുകളും വില്ലകളും നിറഞ്ഞ താമസകേന്ദ്രമായി എക്സ്പോ സിറ്റി പരിവർത്തിക്കപ്പെടുന്നതിന്റെ ആദ്യഘട്ടമായിരിക്കുമിത്. 10 കി.മീറ്റർ സൈക്ലിങ് ട്രാക്ക്, അഞ്ചു കി.മീറ്റർ റണ്ണിങ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം, 45,000 ചതുരശ്ര മീറ്റർ പൂന്തോട്ടങ്ങൾ ഉൾപ്പെട്ട പാർക്കുകൾ എന്നിവയുടെ പരിസരത്താണ് താമസസ്ഥലമെന്ന പ്രത്യേകതയുമുണ്ട്. ആദ്യ ഘട്ടത്തിൽ 450 ആഡംബര, പ്രീമിയം വസതികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
എക്സ്പോ സിറ്റി ദുബൈ ഡിസ്ട്രിക്ടുകൾ പൂർണമായും കാറുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് എന്നിവയിൽനിന്നും മുക്തമാണ്. 123 കെട്ടിടങ്ങൾ ഉൾപ്പെടെ സിറ്റിയുടെ 80 ശതമാനവും വിശ്വമേളയുടെ സമയത്തെ രൂപത്തിൽതന്നെ നിലനിർത്തിയിട്ടുമുണ്ട്. പരിസ്ഥിതിയോട് ഇണങ്ങിനിൽക്കുന്ന നഗരജീവിതം എന്ന കാഴ്ചപ്പാടിന് അനുസരിച്ചാണ് താമസസ്ഥലങ്ങൾ നിർമിച്ചിട്ടുള്ളത്. ചില്ലറ വിൽപന കേന്ദ്രങ്ങളും ഭക്ഷണ-പാനീയ ശാലകളും ഇവിടെ ഒരുക്കും. ഭാവിയിലേക്ക് യോജിച്ച ഏറ്റവും മികച്ച ജീവിതരീതിയെ പരിചയപ്പെടുത്തുകയെന്നതും ലക്ഷ്യമിടുന്നതായി പദ്ധതിയിലൂടെ ചീഫ് ഡെവലപ്മെന്റ് ആൻഡ് ഡെലിവറി ഓഫിസർ അഹ്മദ് അൽ കാതിബ് പറഞ്ഞു. 15 ടവറുകളിലായി 2,273 ഫ്ലാറ്റുകളുള്ള താമസകേന്ദ്രത്തിൽ 3,500ത്തോളം താമസക്കാരെ ഉൾക്കൊള്ളാനാകും. ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥതയിലാണ് നിലവിൽ പദ്ധതി മുന്നോട്ടുപോകുന്നത്.
വിശ്വമേളക്കുശേഷം ഒക്ടോബറിൽ തുറന്ന എക്സ്പോ സിറ്റിയിൽ നിലവിൽ വൈവിധ്യമാർന്ന റമദാൻ പരിപാടികൾ പുരോഗമിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റമദാൻ പാരമ്പര്യങ്ങളെ ഒറ്റ വേദിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ‘ഹയ്യ് റദമാൻ’ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ റമദാൻ രുചികൾ ആസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ട്. അത്താഴം മുതൽ പരമ്പരാഗത അത്താഴം മുട്ടുകാർ വരെ ഹായ് റമദാനിലെ വേദിയിലൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു. എക്സ്പോയുടെ പ്രധാനവേദിയായ അൽവസ്ൽ പ്ലാസയിൽ പ്രത്യേക പരിപാടികളും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.