ദുബൈ: ഭാവിയുടെ നഗരമായി വളരുന്ന ദുബൈയിലെ എക്സ്പോ സിറ്റിക്ക് ഇനി സോളാർ തിളക്കം. പൂർണമായി പുനരുപയോഗ ഊർജമായ സൗരോർജം ഉപയോഗിച്ചായിരിക്കും സിറ്റി പ്രവർത്തിക്കുക. ഇതിനായി ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പാർക്കിൽനിന്ന് ഒരു ലക്ഷം മെഗാവാട്സ് വൈദ്യുതി നൽകാൻ എക്സ്പോ സിറ്റിയും ദുബൈ വൈദ്യുതി, ജല വകുപ്പും (ദീവ) ധാരണയിലെത്തി.
എക്സ്പോ സിറ്റിയിലെ വീടുകൾക്കും ബിസിനസുകൾക്കും ഇതിൽനിന്ന് വൈദ്യുതി ലഭ്യമാകും. രാജ്യത്തിന്റെ കാർബൺ പുറന്തള്ളൽ നിരക്ക് 2050ഓടെ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യംവെച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് പുതിയ പദ്ധതി.
നവംബർ 30ന് ആരംഭിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് എക്സ്പോ സിറ്റി ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്ത ചടങ്ങിലാണ് എക്സ്പോ സിറ്റിയും ‘ദീവ’യും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
സുസ്ഥിര വികസനത്തിലും ശുദ്ധ ഊർജത്തിലേക്കുള്ള പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എ.ഇയുടെ സുപ്രധാന ചുവടുവെപ്പാണ് കരാറെന്ന് ധാരണപത്രത്തിൽ ഒപ്പുവെച്ച ശേഷം എക്സ്പോ സിറ്റി സി.ഇ.ഒയും യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുമായ റീം അൽ ഹാശിമി പറഞ്ഞു. ആഗോള കാലാവസ്ഥാ പ്രവർത്തനത്തെ പിന്തുണക്കുന്ന, കോപ് 28ന് ആതിഥേയരാകാൻ എക്സ്പോ സിറ്റി തയാറെടുക്കുന്ന ഘട്ടത്തിൽ സമയോചിതമായ മാറ്റം കൂടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന് നിലവിൽ 2,627 മെഗാവാട്ടാണ് ശേഷിയുള്ളത്. ഇത് 2026ഓടെ 4,660 മെഗാവാട്ടിലെത്തിക്കാനുള്ള നിർമാണം പുരോഗമിക്കുകയാണ്. 2030ഓടെ സോളാർ പാർക്കിന്റെ ശേഷി 5,000 മെഗാവാട്ടിലെത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതുവഴി പ്രതിവർഷം 65ലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറക്കാനാവുമെന്ന് കണക്കാക്കപ്പെടുന്നു.
സോളാർ പാർക്കിന്റെ 1,800 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന ആറാം ഘട്ടം നിർമിക്കാനും പ്രവർത്തിപ്പിക്കാനും അബൂദബിയിലെ പുനരുപയോഗ ഊർജ കമ്പനിയായ മസ്ദറിനെ തിരഞ്ഞെടുത്തതായി ആഗസ്റ്റിൽ ‘ദീവ’ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.