ദുബൈ: രണ്ടുകോടി സന്ദർശകർ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച് യു.എ.ഇ. ചൊവ്വാഴ്ച വരെയുള്ള കണക്കുപ്രകാരം 1.90 കോടി സന്ദർശകരാണ് എക്സ്പോയിൽ എത്തിയത്. കഴിഞ്ഞയാഴ്ച മാത്രം 16 ലക്ഷം പേർ എത്തി. ഇതോടെ, തുടക്കത്തിൽ സംഘാടകർ പ്രഖ്യാപിച്ച രണ്ടുകോടി എന്ന ലക്ഷ്യം ദിവസങ്ങൾക്കുള്ളിൽ എക്സ്പോ മറികടക്കുമെന്നുറപ്പായി. അവസാന ദിനങ്ങളിൽ എക്സ്പോയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. എക്സ്പോ അവസാനിക്കാൻ ഇനി 15 ദിവസം മാത്രമാണ് ബാക്കിയുള്ളത്. 18 വയസ്സിൽ താഴെയുള്ളവർ മാത്രം 27 ലക്ഷം എത്തിയെന്നാണ് എക്സ്പോയുടെ കണക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയതും നിരവധി ആകർഷകമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചതും കുടുംബങ്ങളെ ആകർഷിക്കുന്ന പരിപാടികൾ ഒരുക്കിയതുമാണ് കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണം.
അതേസമയം, വെർച്വൽ സന്ദർശകരുടെ എണ്ണം 18 കോടി കവിഞ്ഞു. എക്സ്പോയുടെ തത്സമയ സംപ്രേഷണം വഴിയാണ് കോടിക്കണക്കിനാളുകൾ വെർച്വലായി എക്സ്പോയിൽ എത്തിയത്. വരും ദിവസങ്ങളിൽ മുൻനിര താരങ്ങളുടെയും സംഗീതജ്ഞരുടെയും പരിപാടികൾ എക്സ്പോയിൽ അരങ്ങേറും. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യംവെച്ചുള്ള നിരവധി പരിപാടികളാണ് അവസാന മാസം ഒരുങ്ങുന്നത്. കുടുംബങ്ങൾക്ക് ഉല്ലസിക്കാൻ ഫാമിലി പ്ലേസ് എന്ന പേരിൽ പ്രത്യേക ഇടം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. തിങ്കളാഴ്ച ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ എക്സ്പോ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.