ആകാശത്ത് വർണവിസ്മയം തീർത്ത് കുതിച്ചുപാഞ്ഞ സൗദി ഫാൽക്കൺ എയർ ക്രാഫ്റ്റിെൻറ കണ്ണഞ്ചും പ്രകടനം കണ്ടാണ് എക്സ്പോ നഗരിയിലേക്ക് കടന്നത്. മൂന്ന് പ്രവേശനകവാടമുള്ള എക്സ്പോ നഗരിയിലേക്ക് മൊബിലിറ്റി ഗേറ്റിലൂടെയായിരുന്നു എൻട്രി. സുരക്ഷ ഉറപ്പാക്കാൻ ഗേറ്റിൽ വളൻറിയർമാർ കുട്ടികളുടെ കൈയിൽ പേരും മൊബൈൽ നമ്പറുമെഴുതി ടാഗ് കെട്ടിക്കൊടുത്തു. 1000 ഏക്കറിൽ നിരന്നുകിടക്കുന്ന എക്സ്പോ നഗരിയിൽ കണ്ണ് തെറ്റിയാൽ കുട്ടികൾ വഴിതെറ്റാം. ഈ ടാഗ് കെട്ടുന്നതോടെ ആത്മവിശ്വാസത്തോടെ കുട്ടികളുമായി അകത്തുകടക്കാം. ദുബൈ ഓരോരുത്തർക്കും എത്രമാത്രം കരുതൽ നൽകുന്നു എന്നതിെൻറ തെളിവാണിത്.
മിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന മേളയിൽ വരുക ഭാഗ്യമായി കരുതുന്ന ഞങ്ങൾക്ക് എല്ലാ രാജ്യക്കാരെയും നേരിൽ കാണണമെന്നും അവരുടെ സംസ്കാരവും രീതികളും മനസ്സിലാക്കണമെന്നുമുണ്ടായിരുന്നു. മേളയുടെ കാലാവധിയായ ആറ് മാസം കൊണ്ടും അതിന് കഴിയുമെന്ന് തോന്നുന്നില്ല. അത്രയുണ്ട് വലുപ്പവും സജ്ജീകരണങ്ങളും. സൗദി അറേബ്യയുടെ പവലിയനിൽ അവരുടെ പരമ്പരാഗത പരിപാടി 15 മിനിറ്റിനുള്ളിൽ തുടങ്ങുമെന്ന അറിയിപ്പുകേട്ടപ്പോൾ റൂട്ട് അവിടേക്ക് തിരിച്ചുവിട്ടു. നാൽപതോ നാൽപത്തഞ്ചോ ഡിഗ്രി ആങ്കിളിൽ ഇപ്പം വീഴുമെന്നതരത്തിൽ ചരിഞ്ഞുനിൽക്കുന്ന സൗദി പവലിയൻ കണ്ട ഞങ്ങൾ ആശ്ചര്യപ്പെട്ടു. കെട്ടിടത്തിെൻറ നിൽപുകണ്ടതോടെ ഭാര്യക്ക് ഉള്ളിൽ കയറാൻ ചെറിയ ഭയം. അവളെ നിർബന്ധിച്ച് അകത്തുകയറ്റിയ ഞങ്ങൾ കണ്ടത് വിസ്മയത്തിെൻറ പുതിയ ലോകമാണ്. തൊട്ടുമുന്നിൽ എത്തിയിട്ടും ഇത് കാണാതെ പോയിരുന്നെങ്കിൽ കനത്ത നഷ്ടമായേനേ. റഷ്യ, സൗദി, യു.എ.ഇ, യു.കെ തുടങ്ങിയ പവലിയനുകളുടെ ശിൽപചാതുരി പറഞ്ഞറിയിക്കാൻ പറ്റില്ല. ഓരോ രാജ്യക്കാരും തങ്ങളുടെ രാജ്യത്തിെൻറ പ്രൗഢിയും യശസ്സും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ പവലിയനുകൾ ഒരുക്കി. മധുരമാർന്ന സമി യൂസുഫിെൻറ പാട്ടും രുചിയേറിയ ഇറ്റാലിയൻ പാസ്തയും കഴിച്ച് മനവും വയറും നിറച്ച് കാണാൻ ഇനിയുമേറെയുണ്ടെന്ന തിരിച്ചറിവിലാണ് ഞങ്ങൾ മടങ്ങിയത്.
-അസ്ഹർ ഏരത്ത്, നാദാപുരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.