ദുബൈ: നഗരത്തിലെ അൽ മിസ്ഹർ മേഖലയിൽ എ11, എ26 എന്നീ റോഡുകളുടെ വിപുലീകരണം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. രണ്ട് ഭാഗങ്ങളിലേക്കും രണ്ട് ലൈനുകളായിരുന്നത് നാലു ലൈനുകളായാണ് വികസിപ്പിച്ചത്. ആകെ 6.8 കി.മീറ്ററാണ് വിപുലീകരണം നടന്നത്.
വികസനം പൂർത്തിയായതോടെ റോഡിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 1,200 ആയിരുന്നത് 2,400 ആയി വർധിച്ചു. റോഡിൽ ഗതാഗതക്കുരുക്ക് കുറക്കാൻ ഇത് സഹായിക്കും.
ദുബൈയിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആർ.ടി.എയുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്. അതിവേഗം ജനസംഖ്യ വർധിക്കുന്ന അൽ മിസ്ഹറിലെ താമസക്കാർ, സ്കൂളുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവക്കെല്ലാം പദ്ധതിയുടെ ഗുണം ലഭിക്കും.
റോഡ് ഉപയോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിന് 90 തെരുവ് വിളക്കുകൾ റോഡിൽ സ്ഥാപിച്ചതായും ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പ്രസ്താവനയിൽ വെളിപ്പെടുത്തി. പ്രദേശത്തെ സ്കൂളുകളുടെയും താമസക്കാരുടെയും ആവശ്യം പരിഗണിച്ച് 551പാർക്കിങ് സ്ലോട്ടുകൾ കൂടി നിർമിച്ചിട്ടുമുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 5.7കി. മീറ്റർ സൈക്ലിങ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. സ്ട്രീറ്റ് 5ന്റെയും അൽജീരിയ സ്ട്രീറ്റിന്റെയും കവലയിലെ മെച്ചപ്പെടുത്തലുകൾ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരുന്നു.
ഇത് ശരാശരി കാത്തിരിപ്പ് സമയം 2.1 മിനിറ്റിൽ നിന്ന് 50 സെക്കൻഡായി കുറക്കും. കൂടാതെ, സ്ട്രീറ്റ് 26എയിൽ രണ്ട് പുതിയ റൗണ്ട് എബൗട്ടുകളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് ഏകദേശം 10 ലക്ഷം റോഡ് ഉപയോക്താക്കൾക്ക് പ്രയോജനം ചെയ്യും. ദുബൈയിലുടനീളം 45ലധികം സ്ഥലങ്ങളിൽ ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആർ.ടി.എ നടപ്പിലാക്കി വരുകയാണ്. സുസ്ഥിരമായ വളർച്ചയെ പിന്തുണക്കുന്നതിനും ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച റോഡ് നെറ്റ്വർക്കുകളിൽ ഒന്നായ ദുബൈയുടെ സ്ഥാനം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.