അജ്മാന്‍: വ്യാജ ഓണ്‍ലൈന്‍ സൈറ്റുകളുടെ തട്ടിപ്പിനിരയായത് നിരവധിപേര്‍. തട്ടിപ്പിലൂടെ സംഘം കൈക്കലാക്കുന്നത് വന്‍ തുകകള്‍. പണം നഷ്ടമായവരില്‍ അധികവും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വകയിലും. ഭക്ഷണ വിതരണക്കാരായ പ്രമുഖ കമ്പനികളുടെ വ്യാജ ഓണ്‍ലൈന്‍ പതിപ്പുകളുണ്ടാക്കിയാണ് സംഘം പണം തട്ടുന്നത്. തനിക്ക് ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വകയില്‍ പണം നഷ്ടപ്പെട്ട വിവരം സുഹൃത്തുക്കളോട് പറയുമ്പോഴാണ് അവര്‍ക്കും പണം നഷ്ടപ്പെട്ട വിവരം പലരും പുറത്തറിയുന്നത്. ഭക്ഷണത്തിനു 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പരസ്യം കണ്ട് ആകൃഷ്ടരാകുന്ന ഉപഭോക്താവ് ഓണ്‍ലൈന്‍ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ കാണുന്നത് യഥാർഥ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അതേ ചിത്രങ്ങളും നിരക്കുകളും. എന്നാല്‍, സൈറ്റ് അഡ്രസില്‍ പെട്ടന്ന് ശ്രദ്ധയില്‍പ്പെടാത്ത തരത്തിലുള്ള ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. സ്ഥിരമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍വരെ ഈ വ്യത്യാസം തിരിച്ചറിയാതെ തട്ടിപ്പിനിരയായിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ പരസ്യം കണ്ട് സൈറ്റില്‍ പ്രവേശിച്ച ഒരു മലയാളി പിസ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഒ.ടി.പി രണ്ടു തവണ രജിസ്റ്റര്‍ ആകാതെ വന്നിരുന്നു. മൂന്നാം തവണ രജിസ്റ്റര്‍ ആവുകയും ചെയ്തു. അൽപം കഴിഞ്ഞപ്പോള്‍ 7300 ദിര്‍ഹം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്നന്വേഷിച്ച് ഇദ്ദേഹത്തിന് ബാങ്കില്‍നിന്നൊരു ഫോണ്‍ വന്നു. അത്രയും പണം ബാങ്കില്‍ ഇല്ലാതിരുന്നതുകൊണ്ടാണ് ബാങ്ക് അന്വേഷിക്കാന്‍ കാരണം.
കുറച്ച് സമയം പിന്നിടുമ്പോഴേക്കും ഇദ്ദേഹത്തിെൻറ അക്കൗണ്ടില്‍ നിന്നും 500 ഡോളര്‍ (1873 ദിര്‍ഹം) നഷ്ടമായി. ബാങ്കുമായും പിസ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴും നിരാശയായിരുന്നു ഫലം. മറ്റൊരു മലയാളി പ്രമുഖ ഫ്രൈഡ് ചിക്കന്‍ കമ്പനിയുടെ സൈറ്റ് എന്ന് കരുതി ഭക്ഷണം ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പിനിരയായത്. ഒറിജിനൽ സൈറ്റുമായി ഒരു സ്ലാഷിെൻറ മാത്രം വ്യത്യാസമുണ്ടായിരുന്നു. ഇതറിയാതെ 54 ദിര്‍ഹമിെൻറ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതോടെ നഷ്ടപ്പെട്ടത് 5600 ദിര്‍ഹം. ബാങ്കുമായോ ഭക്ഷണശാലയുടെ കേന്ദ്രമായോ ബന്ധപ്പെടുമ്പോള്‍ അവര്‍ക്കും നിസ്സഹായാവസ്ഥ. തൃശൂര്‍ കുന്നംകുളം സ്വദേശിക്ക് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണയായി പണം നഷ്ടപ്പെട്ടു.
ഇദ്ദേഹം ഓര്‍ഡര്‍ ഒന്നും ചെയ്യാതെയാണ് 162 ഡോളര്‍ നഷ്ടമായത്. ഒ.ടി.പി അപ്രൂവല്‍ പോലും നല്‍കാതെയാണ് പണം നഷ്ടമായത്. ഈ വിവരം ബാങ്കിനെ അറിയിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് മുൻപ് എപ്പോഴെങ്കിലും സാധനങ്ങള്‍ വാങ്ങിയ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന സൈറ്റുകളിൽനിന്നായിരിക്കാം തട്ടിപ്പ് സംഘം രേഖകള്‍ സംഘടിപ്പിച്ചതെന്ന്. തെൻറ അറിവില്‍ ഒരു സൈറ്റിലേ വിവരങ്ങൾ നൽകിയിട്ടുള്ളു എന്ന് പറഞ്ഞതോടെ കൂടുതൽ അന്വേഷണം നടത്തി.
ആറു സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ ബോധവല്ക്കരണത്തിെൻറ ഭാഗമായി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെടാത്തവരാണ് ഇപ്പോള്‍ തട്ടിപ്പിനിരയായവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.