അബൂദബി: തലസ്ഥാന എമിറേറ്റിൽ നിയമവിരുദ്ധമായി സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റി സഞ്ചരിച്ചാൽ 3000 ദിർഹമും 24 ബ്ലാക്ക് പോയൻറും പിഴക്കു പുറമെ 30 ദിവസത്തേക്ക് വാഹനം പൊലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടുമെന്നും അബൂദബി പൊലീസ് അറിയിച്ചു. അനധികൃതമായി യാത്രക്കാരെ കയറ്റുന്നതിലെ അപകടങ്ങളെക്കുറിച്ചും സുരക്ഷ പ്രശ്നങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്ന വിഡിയോയും അബൂദബി പൊലീസ് പ്രസിദ്ധീകരിച്ചു.
അംഗീകാരമില്ലാതെ യാത്രക്കാരെ കയറ്റി സഞ്ചരിക്കുന്ന പ്രവർത്തനങ്ങളിൽ ആരും ഏർപ്പെടരുതെന്നും സ്വകാര്യ വാഹന ഡ്രൈവർമാരോട് പൊലീസ് അഭ്യർഥിച്ചു. എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി അംഗീകൃതവും ലൈസൻസുള്ളതുമായ വാഹനങ്ങളെ മാത്രമാണ് യാത്രക്ക് ആശ്രയിക്കേണ്ടത്. ആഗോള സുരക്ഷ മാനദണ്ഡങ്ങൾ അനുസരിക്കുകയും നിയമവിരുദ്ധ ഗതാഗത രീതികളെ നേരിടുന്നതിൽ എല്ലാവരും സഹകരിക്കുകയും വേണമെന്നും പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്ന 'കള്ള ടാക്സികൾ'യാത്രക്ക് ഉപയോഗിക്കാതിരിക്കുന്നതിലൂടെ സ്വയം സുരക്ഷയും കമ്യൂണിറ്റി അവബോധവും വർധിപ്പിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങൾ നിർവഹിക്കണം. നിയമലംഘകരെ നിയന്ത്രിക്കാൻ അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററുമായി സഹകരിച്ചാണ് അബൂദബി പൊലീസ് നിയമവിരുദ്ധമായ ടാക്സി സർവിസിനെതിരെയുള്ള പരിശോധന കാമ്പയിൻ നടത്തുന്നത്. നിയമലംഘന ടാക്സി സർവിസ് കണ്ടെത്തുന്നതിനായി തലസ്ഥാനത്ത് അബൂദബി പൊലീസ് പരിശോധന ശക്തമാക്കിയതായി ഗതാഗത സുരക്ഷ വകുപ്പ് ഡയറക്ടർ കേണൽ മുബാറക് അവാദ് ബിൻ മുഹൈറൂം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.