ദുബൈ: രാജ്യം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ഇരട്ടി മധുരം പകർന്ന് യു.എ.ഇയുടെ നിരീക്ഷണ ഉപഗ്രഹമായ 'ഫാൽക്കൺ ഐ 2' ലക്ഷ്യത്തിലേക്ക് കുതിച്ചു. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യു.എ.ഇ സമയം പുലർച്ചെ 5.30നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സോയൂസ് എസ്.ടി.എ റോക്കറ്റാണ് ഉപഗ്രഹം വഹിക്കുന്നത്. പറന്നുയർന്ന് 58 മിനിറ്റിന് ശേഷം ഉപഗ്രഹം വേർപെട്ടു.യു.എ.ഇയുടെ നാലാമത്തെ നിരീക്ഷണ ഉപഗ്രഹമാണിത്. ഇതോടെ യു.എ.ഇ ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളുടെ എണ്ണം 12 ആയി.
മോശം കാലാവസ്ഥയെയും കോവിഡ് മഹാമാരിയെയും തുടർന്ന് പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും വിക്ഷേപണ ശ്രമം നടത്തിയിരുന്നു. ഹൈറെസല്യൂഷൻ ഇമേജർ സജ്ജീകരിച്ച ഉപഗ്രഹം ഡാറ്റാ മാപ്പിങ്, കാർഷികമേഖല നിരീക്ഷണം, പരിസ്ഥിതി മാറ്റങ്ങളുടെ നിരീക്ഷണം, രാജ്യത്തിെൻറ അതിർത്തി പ്രദേശങ്ങളുടെയും തീരങ്ങളുടെയും നിരീക്ഷണം എന്നിവ നടത്തും. പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകാനുള്ള സംവിധാന നിരീക്ഷണത്തിനും ഉപഗ്രഹം സഹായിക്കും. മികച്ച നിലവാരമുള്ള ചിത്രങ്ങൾ കൺട്രോൾ സ്റ്റേഷനിലേക്ക് അയക്കും. 10 വർഷം ഭ്രമണപഥത്തിൽ തുടരും. ഫാൽക്കൺ ഐ 1 കഴിഞ്ഞവർഷം ജൂലൈയിൽ വിക്ഷേപിച്ചിരുന്നു.
അഞ്ച് വർഷം മുൻപാണ് ഫാൽക്കൺ ഐ പദ്ധതി ശ്രമങ്ങൾ തുടങ്ങിയത്. യു.എ.ഇ സായുധ സേനയിലെ എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും വിദേശത്തുനിന്നുള്ള വിദഗ്ധ സംഘവും ചേർന്നാണ് ഫാൽക്കൺ ഐ യാഥാർഥ്യമാക്കിയത്.
ചൊവ്വയിലേക്ക് ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് മാസങ്ങൾ കഴിയുേമ്പാഴാണ് വീണ്ടും ബഹിരാകാശ കുതിപ്പ്. ഭൗമ നിരീക്ഷണ രംഗത്ത് യു.എ.ഇയുടെ മറ്റൊരു പൊൻതൂവലാണിതെന്ന് സാങ്കേതിക വകുപ്പ് സഹമന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർപേഴ്സണുമായ സാറാ അൽ അമിരി ട്വീറ്റ് ചെയ്തു. പദ്ധതിയിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.