ദുബൈ: വ്യാജ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ നൽകുന്നത് അഞ്ചു ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. സമൂഹമാധ്യമ ചാനലുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള വിഡിയോ പങ്കുവെക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ കറൻസി ഇടപാടുകൾ, ബ്രോക്കറിങ്, മറ്റ് വ്യാജ പരസ്യങ്ങൾ എന്നിവയിൽ ഏർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. വ്യാജ പരസ്യങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനായി 2018 ഒക്ടോബറിൽ പരസ്യം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ദുബൈ അധികൃതർ പുറത്തിറക്കിയിരുന്നു. പ്രിന്റ്, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെല്ലാം നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.
1. പരസ്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന് ദോഷകരമാവുന്ന രീതിയിലാവരുത്
2. തെറ്റിദ്ധരിപ്പിക്കുന്നതോ കിംവദന്തികളോ ആയ പരസ്യങ്ങളാവരുത്
3. പൊതുധാർമികതക്കെതിരായ വാക്കുകളും ഫോട്ടോകളും പ്രസിദ്ധീകരിക്കരുത്
4. ബൗദ്ധിക സ്വത്തവകാശ നിയമത്തെ ബഹുമാനിക്കണം
5. ധാർമിക പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണം, സത്യസന്ധത പുലർത്തണം
സമൂഹമാധ്യമങ്ങൾ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവയിലെ പരസ്യങ്ങൾ വ്യക്തമായി തിരിച്ചറിയുന്നതായിരിക്കണം. പരസ്യങ്ങൾ എഡിറ്റോറിയലിൽനിന്നും വിജ്ഞാനപ്രദമായ ഉള്ളടക്കത്തിൽനിന്നും സ്വതന്ത്രമായിരിക്കണം. ഓൺലൈൻ പരസ്യങ്ങൾക്കുള്ള ഏതെങ്കിലും പേമെന്റുകൾ വെളിപ്പെടുത്തണം. ലംഘിച്ചാൽ 5000 ദിർഹം പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.