ദുബൈ: ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനായി കോടതിയുടെ പേരിൽ വ്യാജ വിഡിയോ നിർമിച്ച് സമൂഹ മാധ്യങ്ങളിൽ പ്രചരിപ്പിച്ച വനിത അഭിഭാഷകക്കെതിരെ അബൂദബി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. സ്വന്തം മകനെ അപമാനിച്ച പിതാവിനെതിരെ യു.എ.ഇയിലെ കുടുംബ കോടതി കേസെടുക്കാൻ ഉത്തരവിട്ടുവെന്നായിരുന്നു വിഡിയോയിലെ പ്രചാരണം.
തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷൻ അഭിഭാഷകയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സംഭവം കെട്ടുകഥയായിരുന്നുവെന്ന് ഇവർ സമ്മതിച്ചിരുന്നതായി തിങ്കളാഴ്ച അബൂദബി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. വിഡിയോ വ്യാജമാണെന്ന് ജുഡീഷ്യൽ ഡിപാർട്ട്മെന്റും തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
സമൂഹ മാധ്യമ അക്കൗണ്ടിൽ ഫോളോവേഴ്സിനെ കൂട്ടാനുള്ള നീക്കമായിരുന്നു വിഡിയോക്ക് പിന്നിലെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കോടതിയുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കുറ്റത്തിന് യുവതിക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് യു.എ.ഇയിലെ സൈബർ നിയമപ്രകാരം ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ആധികാരിക ഉറവിടങ്ങളിൽനിന്ന് ഉറപ്പുവരുത്താതെ ഇത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.