അബൂദബി: ബാങ്ക് രസീതിൽ കൃത്രിമം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. യു.എ.ഇയിൽ താമസിക്കുന്ന പ്രവാസി മലയാളിക്കെതിരെ സ്വന്തം നാട്ടുകാരൻതന്നെയാണ് വഞ്ചിതനായത്. യു.എ.ഇയില്‍ നാട്ടിലെ 10 ലക്ഷം രൂപക്ക് തുല്യമായ ദിര്‍ഹം ബാങ്കിലൂടെ അയച്ചതായി കാണിച്ച് സുഹൃത്ത് വ്യാജ രസീത് നൽകുകയായിരുന്നു. പണം അക്കൗണ്ടിലേക്ക് എത്തിയെന്ന ഔദ്യോഗിക രേഖ ലഭിച്ചതോടെ ഇടപാടുകാരന് നാട്ടില്‍ 10 ലക്ഷം രൂപ ഇയാൾ പറയുന്ന ആൾക്ക് കൈമാറുകയും ചെയ്തു. അക്കൗണ്ടില്‍ ദിര്‍ഹം ക്രെഡിറ്റാകാൻ സമയമെടുക്കുമെന്നും അത്യാവശ്യമായി നാട്ടില്‍ പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാൾ സുഹൃത്തിനെ വിശ്വസിപ്പിച്ചത്. പണം കൈമാറിയശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. 10 ലക്ഷം രൂപക്ക് തുല്യമായ ദിര്ഹത്തിനുപകരം ചെറിയ തുക ബാങ്കില്‍ നിക്ഷേപിച്ച് രസീതിൽ കൃത്രിമം നടത്തുകയുമായിരുന്നു. ഈ പണമിടപാട് അനധികൃതമായതിനാല്‍ കേസ് കൊടുത്ത് വാങ്ങിയെടുക്കാനുള്ള സാഹചര്യവും അയച്ച വ്യക്തിക്കില്ല എന്നതാണ് പ്രതിസന്ധി.
ഇത്തരത്തില്‍ അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഗൗരവത്തില്‍ പരിഗണിക്കാറില്ല. ഇതാണ് വന്‍തുകകള്‍ നഷ്ടപ്പെടാനുള്ള കാരണവും. പണമിടപാടുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് ഓണ്‍ലൈനായും നേരിട്ടുമൊക്കെ നടക്കുന്നത്. പലര്‍ക്കും മുമ്പും സമാന സ്വഭാവമുള്ള തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടിട്ടുമുണ്ട്. സൈബര്‍ കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍ രണ്ടു ലക്ഷം മുതല്‍ 29 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ.
അതേസമയം, 13 ഇന്ത്യക്കാരും അവരുടെ ഏഴു കമ്പനികളും കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് കുറ്റം ചെയ്തതായി അബൂദബി ക്രിമിനല്‍ കോടതി അടുത്തിടെ കണ്ടെത്തിയിരുന്നു. 510 ദശലക്ഷം ദിര്‍ഹമിന്റെ വ്യാപാരമാണ് ഇവര്‍ അനധികൃതമായി നടത്തിയത്.
കുറ്റവാളികളില്‍ നാലുപേരെ അഞ്ചു മുതല്‍ 10 വര്‍ഷം വരെ തടവിനും ജയില്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം നാടുകടത്താനും ഉത്തരവിട്ടു. 50 ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും ഇവര്‍ കെട്ടണം. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കമ്പനി ഒരു കോടി ദിര്‍ഹമാണ് പിഴയൊടുക്കേണ്ടത്. ട്രാവല്‍ ഏജന്‍സിയുടെ ആസ്ഥാനമാണ് ഇവര്‍ അനധികൃത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇതിലൂടെ അഞ്ചു ബില്യൺ ദിര്‍ഹം സ്വന്തമാക്കുകയും ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.