ദുബൈ: അക്ഷരങ്ങളെയും പുസ്തകങ്ങളെയും വാരിപ്പുണരുന്ന ഷാർജ നഗരം, പൈതൃകോത്സവ നിറവിലും വായനയുടെ വാതായനങ്ങൾ തുറന്നിടുകയാണ്. സംസ്കാരവും പൈതൃകവും കെട്ടുപിണഞ്ഞു കിടക്കുന്ന ഷാർജയിൽ പാരമ്പര്യത്തിെൻറ പ്രൗഢി വിളിച്ചോതുന്ന ആഘോഷദിവസങ്ങളിലും വായനയും അക്ഷരങ്ങളും തീർക്കുന്ന അതിശയങ്ങൾക്കായി വലിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാഴ്ച നീളുന്ന ഹെറിറ്റേജ് ഡെയ്സിൽ വ്യത്യസ്തവും വേറിട്ടതുമായ റീഡിങ് കാമ്പയിനാണ് ഒരുക്കിയിട്ടുള്ളത്. 'എെൻറ കുടുംബവും ഞാനും വായിക്കുന്നു' ശീർഷകത്തിൽ തുടരുന്ന കാമ്പയിൻ, കുടുംബമൊന്നാകെ വായനയിലൂടെ വിസ്മയത്തേരിലേറുന്നതിന് പ്രത്യേക വായനമുക്ക് തന്നെ രൂപകൽപന ചെയ്തിട്ടുണ്ട്. യു.എ.ഇയിൽ നടക്കുന്ന വായന മാസത്തോടനുബന്ധിച്ച് മുതിർന്നവർക്കും കുട്ടികൾക്കും ഇടയിൽ വേർതിരിവുകളില്ലാതെ കുടുംബങ്ങളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഷാർജ ഹെറിറ്റേജ് പ്രദേശത്ത് വായനമൂലകൾ ഒരുക്കിയിട്ടുള്ളത്.
പ്രധാന വേദിക്കും അറേബ്യൻ ഹെറിറ്റേജ് ഹൗസിനും സമീപം സ്ഥിതിചെയ്യുന്ന ഇടത്താണ് 'മൈ ഫാമിലി ആൻഡ് ഐ റീഡ്' കാമ്പയിൻ നടക്കുന്നത്. കൂട്ടുകൂടി കുടുംബത്തോടൊപ്പം വായിക്കുകയെന്ന സങ്കൽപം തെല്ലൊന്നുമല്ല സ്വദേശികളെയും താമസക്കാരെയും ആകർഷിച്ചിരിക്കുന്നത്. വായനപ്രദേശം എല്ലാവരെയും ആകർഷിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പുസ്തക ഷെൽഫുകളുടെ രൂപഭംഗിയിൽ നിർമിച്ചിരിക്കുന്ന പവിലിയനുകളിലിരുന്ന് വായിക്കാം. വായനമുക്കുകൾ, ചെറിയ ടീപ്പികൾ, വിശാലമായ ഇരിപ്പിടങ്ങൾ എന്നിവക്കൊപ്പം കൊച്ചുകുട്ടികൾക്ക് വായനയിൽ ഏർപ്പെടുന്നതിനായി പ്രത്യേക ടെൻറുകളും ഒരുക്കിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലുമുള്ള പതിനായിരക്കണക്കിന് തലക്കെട്ടുകളാണ് പുസ്തകശേഖരത്തിൽ ഇടംപിടിച്ചിട്ടുള്ളത്. പൈതൃകവുമായി ബന്ധപ്പെട്ട ശീർഷകങ്ങൾ, ഇസ്ലാമിക പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങളിലേക്കുള്ള സാംസ്കാരിക കൃതികൾ, കെട്ടുകഥകൾ, ജീവചരിത്രങ്ങൾ, ശാസ്ത്രവും ബഹിരാകാശവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിവയെല്ലാം യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. വായനക്ക് അറുതിവരുത്തി കുട്ടികൾക്ക് കളിച്ചുതിമിർക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. പൈതൃകക്കാഴ്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്സിൽ ഇമാറാത്തി പാരമ്പര്യവും പൈതൃകവും വരച്ചുകാട്ടുന്ന വിവിധങ്ങളായ ദൃശ്യങ്ങൾക്കൊപ്പം 29 രാജ്യങ്ങളിൽനിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും അടുത്തറിയാനുള്ള അവസരമുണ്ട്. സംസ്കാരത്തിെൻറയും പൈതൃകത്തിേൻറയും എല്ലാ വസ്തുക്കളുടെയും കാഴ്ചകൾക്കൊപ്പം ചരിത്രപരമായ സംവേദനത്തിനും വേദിയൊരുക്കുകയാണ് ഷാർജ ഹെറിറ്റേജ് ഡെയ്സ്.
യു.എ.ഇയുടെ മിന്നും പൈതൃകം എന്ന പ്രമേയത്തിലാണ് പൂർണ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോടെയുള്ള ആഘോഷം. ഇന്ത്യയടക്കം 29 ലോകരാജ്യങ്ങളുടെ സമ്പന്നമായ പൈതൃകക്കാഴ്ചകളും ഇവിടെ ദൃശ്യമാണ്. 500 കലാ സാഹിത്യ പരിപാടികളാണ് അരങ്ങേറുന്നത്. പാചക കലകളുടെ പ്രദർശനങ്ങളുമുണ്ട്. ഇവയെല്ലാം കുട്ടികളടക്കം കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്ന 80 വൈവിധ്യമാർന്ന കടകളാണ് മറ്റൊരു ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.