റാക് ഇന്ത്യന്‍ അസോസിയേഷനിലെത്തിയ കമ്യൂണിറ്റി പൊലീസ് ഡയറക്ടര്‍ സെയ്ഫ് സാലിം കാത്രി ഭാരവാഹികളോടൊപ്പം

കുടുംബ ഭദ്രത: സംഘടനകളെ നേരിൽകണ്ട്​ റാക്​ പൊലീസ്​


കുടുംബം തകരുന്നത് സമൂഹ സുരക്ഷക്ക് ഭീഷണി; പരാതിപ്പെടുന്നതില്‍ അമാന്തമരുത്

എം.ബി. അനീസുദ്ദീന്‍

റാസല്‍ഖൈമ: ദമ്പതികളുടെ പിണക്കം കുടുംബ ഭദ്രത തകര്‍ക്കുന്ന തലത്തിലേക്ക് വളരുന്നത് സമൂഹ സുരക്ഷക്ക് ഭീഷണിയെന്ന്. റാസല്‍ഖൈമയില്‍ കമ്യൂണിറ്റി പൊലീസും ഇന്ത്യന്‍ അസോസിയേഷന്‍ മാനേജ്മെൻറിങ്​ കമ്മിറ്റിയുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രവാസി കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും ചര്‍ച്ചയായത്. രാജ്യത്ത് സര്‍വതലത്തിലുമുള്ള സുരക്ഷ ഉറപ്പുവരുത്തുകയാണ് ആഭ്യന്തര മന്ത്രാലയത്തി​െൻറ ലക്ഷ്യമെന്ന് റാക് കമ്യൂണിറ്റി പൊലീസ് ഡയറക്ടര്‍ സെയ്ഫ് സാലിം കാത്രി പറഞ്ഞു. മുഴു സമയം പ്രവര്‍ത്തിക്കുന്ന പൊലീസ് പട്രോളിങ്​ വിഭാഗത്തിനും നിരീക്ഷണ സംവിധാനങ്ങള്‍ക്കുമൊപ്പം പഴുതടച്ച സുരക്ഷക്ക് സമൂഹവുമായുള്ള ആശയവിനിമയവും പ്രധാനമാണ്. ഇതി​െൻറ ഭാഗമായി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അസോസിയേഷനുകളുമായി നടത്തിവരുന്ന ചര്‍ച്ചയുടെ ഭാഗമാണ് റാക് ഇന്ത്യന്‍ അസോസിയേഷനുമായുള്ള കൂടിക്കാഴ്ച. എല്ലാ വിഭാഗമാളുകളും സമാധാനത്തോടെ കഴിയണമെന്നതാണ് യു.എ.ഇയുടെ താല്‍പര്യം. ജനങ്ങളുമായി സൗഹൃദപരമായ സമീപനമെന്നതാണ് പൊലീസ് നയം. ഏത് പരാതികളും ഭയപ്പാടില്ലാതെ അധികൃതരുടെ മുന്നലെത്തിക്കാം. ഇതിലൂടെ പ്രതിസന്ധികള്‍ ഇല്ലാതാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും കഴിയുമെന്ന്​ സെയ്ഫ് സാലിം വ്യക്തമാക്കി.

രാജ്യത്തെ ഭരണാധിപരും മന്ത്രാലയങ്ങളും സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും നന്ദി അറിയിക്കുന്നതായും റാക് ഇന്ത്യന്‍ അസോ. പ്രസിഡൻറ് എസ്.എ. സലീം പറഞ്ഞു. പരസ്പര ധാരണയും വിട്ടുവീഴ്ചയും മാത്രമാണ് കുടുംബ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നും സലീം പറഞ്ഞു. കുടുംബിനികളും കുട്ടികളുമാണ് കുടുംബവഴക്കുകളില്‍ ഏറെ പ്രയാസപ്പെടുന്നതെന്ന് റാക് വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി എ.കെ. സേതുനാഥ് പറഞ്ഞു. കുട്ടികളുടെ ഭാവിക്ക് മുന്നില്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്നതാണ് രക്ഷിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകളെന്നും സേതുനാഥ് പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പ്​ സജീവമായി തുടരുകയാണെന്ന് അസോ. ജന.സെക്രട്ടറി മധു ബി. നായര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. വാണിജ്യ ലൈസന്‍സുകളുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഉടമകള്‍ക്ക് വരുന്ന അധിക ചെലവുകളും സാങ്കേതിക തടസ്സങ്ങളും കുറക്കാൻ നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടു. റാക് കേരള സമാജം പ്രസിഡൻറ് നാസര്‍ അല്‍ദാന, റാക് അസോ. കമ്മിറ്റിയംഗങ്ങളായ നാസര്‍ അല്‍മഹ, വി. പ്രദീപ്, അബ്​ദുല്‍ റഹീം ജുല്‍ഫാര്‍, അയൂബ് കോയാഖാന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - Family Safety: RAK Police Meeting Organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.