ദുബൈ: മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് ഫണ്ട് ശേഖരിക്കുന്നതിനായി നടത്തിയ ഫാൻസി നമ്പറുകളുടെ ലേലത്തിലൂടെ ലഭിച്ചത് 3.8 കോടി ദിർഹം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ), എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ടെലികമ്യൂണിക്കേഷൻ കമ്പനികളായ ‘ഡു’, ഇത്തിസലാത്ത് എന്നിവയുടെ പിന്തുണയോടെ 31 പ്രത്യേക നമ്പറുകളുടെ ലേലം സംഘടിപ്പിച്ചത്. ഇവയിൽ 10 എണ്ണം വാഹനങ്ങളുടെ പ്ലേറ്റ് നമ്പറുകളും 10 ‘ഡു’വിന്റെയും 11 ഇത്തിസലാത്തിന്റെയും മെബൈൽ നമ്പറുകളുമാണ്. ഞായറാഴ്ച ജുമൈറ ബീച്ചിലെ ഫോർ സീസൺസ് റിസോർട്ട് ദുബൈയിൽ വെച്ചായിരുന്നു ലേലം.
‘മോസ്റ്റ് നോബ്ൾ നമ്പർ ചാരിറ്റി ലേല’ത്തിൽ ഉന്നത വ്യക്തിത്വങ്ങൾ, ജീവകാരുണ്യ തൽപരരായ വ്യക്തികൾ, വ്യവസായികൾ എന്നിവർ പങ്കെടുത്തു. ഒ74, ഒ51, വി39, പി42, ക്യു49, ടി95, യു53, യു79, ഡബ്ല്യു62, ഡബ്ല്യു85 എന്നീ പ്ലേറ്റ് നമ്പറുകളാണ് ലേലത്തിൽ പോയത്. ഇതുവഴി ആർ.ടി.എ 29.25 ലക്ഷവും ഡു 4.935 ലക്ഷവും ഇത്തിസലാത്ത് 4.135 ലക്ഷം ദിർഹവുമാണ് നേടിയത്. പിരിഞ്ഞുകിട്ടിയ ഫണ്ട് പൂർണമായും മദേഴ്സ് എൻഡോവ്മെന്റിന് കൈമാറും. ആഗോള തലത്തിൽ പാവപ്പെട്ട കുടുംബങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് റമദാനിൽ മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിൻ പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിലൂടെ അമ്മമാരെ ആദരിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.