ദുബൈ: 28 വർഷത്തെ പ്രവാസജീവിതത്തിന് വിടപറഞ്ഞ് കണ്ണൂർ വളപട്ടണം സ്വദേശി അമീർ നാട്ടിലേക്ക് തിരിക്കുന്നു. ദുബൈയുടെ മഹാമേളയായ എക്സ്പോയും കാണാൻ സാധിച്ചതിെൻറ സന്തോഷത്തിലാണ് മടക്കം.
1993 ഒക്ടോബർ ഏഴിനാണ് പ്രവാസലോകത്തേക്ക് കാലെടുത്തുവെച്ചത്. ഷാർജയിലാണ് ആദ്യമായി എത്തിയത്. കുറച്ച് ദിവസം സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. അതേവർഷം ഡിസംബർ ഒന്നിന് ഇൻഷുറൻസ് കമ്പനിയിൽ ജോയിൻ ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിക്കും വരെ ആ കമ്പനിക്കൊപ്പമായിരുന്നു ജോലി. വിദ്യാഭ്യാസ യോഗ്യതയെക്കാളും മെച്ചപ്പെട്ട വകുപ്പുകളിൽ ജോലിചെയ്യാനും കൂടുതൽ അറിവുകൾ നേടാനും കഴിഞ്ഞ സന്തോഷവുമുണ്ട് അമീറിന്. മാതാപിതാക്കളുടെ മരണസമയത്ത് നാട്ടിലെത്താൻ പറ്റാത്ത ദുഃഖം ഇന്നും അവശേഷിക്കുന്നു. എങ്കിലും, മെച്ചപ്പെട്ട ചികിത്സ കൊടുക്കാൻ പറ്റിയതിൽ സംതൃപ്തിയുണ്ട്. സ്വന്തമായി വീടെന്ന സ്വപ്നവും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞതുമാണ് വലിയ നേട്ടം. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതിവേഗം കുതിക്കുന്ന യു.എ.ഇയുടെ വളർച്ച താൻ വന്നതിലും ആയിരം മടങ്ങാണെന്ന് അമീർ സാക്ഷ്യപ്പെടുത്തുന്നു. ഇവിടത്തെ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകൾ ഏറെ മാതൃകാപരമാണ്.
ഇതുവരെ കുടുംബത്തെ യു.എ.ഇയിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തോടൊപ്പം സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ട്. നാട്ടിലെത്തി കുടുംബവും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ഭാര്യ അഫ്സത്ത്. മക്കൾ മുഹമ്മദ് അസ്ലം, മുഹമ്മദ് അഫ്സൽ, ഫാത്തിമത്തുൽ അഫ്റ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.