അജ്മാൻ: 14 വർഷത്തിനുശേഷം പ്രവാസി മലയാളി നാടണഞ്ഞു. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് 14 വർഷത്തിനുശേഷം യു.എ.ഇയിൽനിന്നും നാട്ടിലെത്തിയത്. യു.എ.ഇയിൽ നിരവധി സംരംഭങ്ങൾ നടത്തിയിരുന്ന ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെട്ടതാണ് നാട്ടിലേക്കുള്ള യാത്രക്ക് ആദ്യം തടസ്സമായത്. അതിനിടെ കോവിഡ് കൂടി വന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. അഞ്ചുവർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ വിസ കാലാവധി കഴിഞ്ഞിരുന്നു.
ആ വകയിൽ തന്നെ ഒരു 1,24,000ത്തിലേറെ ദിർഹം പിഴയുണ്ടായിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹം നാട്ടിൽ പോകുന്നതിന് നിരവധി പേരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇടക്ക് ഹൃദ്രോഗം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നാട്ടില്‍ പോയി തുടർ ചികിത്സക്ക് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചെങ്കിലും കഴിയാത്ത രൂപത്തിൽ പ്രയാസത്തിലായെന്ന് ഇദ്ദേഹം പറയുന്നു. ഉമ്മുൽഖുവൈനിൽ നടത്തിയിരുന്ന ഭക്ഷണശാല കോവിഡ് വന്നതോടെ ആളുകളിൽ നിന്ന് പണം ലഭിക്കാതെ വലിയ പ്രതിസന്ധിയിലായി. ഇതോടെ കടബാധ്യത ഏറിയപ്പോൾ ആത്മഹത്യയെ പറ്റി വരെ ചിന്തിച്ചിരുന്നതായി 54 കാരൻ പറയുന്നു. അവസാന ശ്രമമെന്ന നിലയിൽ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുമായി ബന്ധപ്പെടുകയായിരുന്നു.
താമരശ്ശേരിയുടെ ഇടപെടലിൽ ചെറിയ തുക അടച്ച് ഔട്ട് പാസ് ലഭിക്കുകയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു. നാട്ടിൽ ഒമ്പതിലേറെ ബസ് സ്വന്തമായി ഉണ്ടായിരുന്ന വീട്ടിലെ അംഗമായിരുന്നു ഇദ്ദേഹം. വലിയ തുക ഫൈൻ കൂടി വന്നതോടെ അടുത്ത പലരും സഹായിക്കാന്‍ കഴിയാതെ നിസ്സഹായരായി പിന്മാറുകയായിരുന്നു. വിവിധ വകുപ്പുകളിലെ സ്വദേശികളായ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് വിഷയത്തിൽ പരിഹാരം കാണാൻ കഴിഞ്ഞതെന്ന് അഷ്റഫ് താമരശ്ശേരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.