ദുബൈ: 35 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഷെക്കീർ ബാവു നാട്ടിലേക്ക് മടങ്ങുകയാണ്. ഇമാറാത്തിന്റെ സ്നേഹം ആവോളം അനുഭവിച്ചാണ് മടക്കം. കഴിഞ്ഞ 28 വർഷമായി ദുബൈയിലെ അജ്മൽ പെർഫ്യൂംസിലാണ് ജോലി ചെയ്തു കൊണ്ടിരുന്നത്. എല്ലാ പ്രവാസികളെയും പോലെ ജീവിതത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരാനാണ് ഷെക്കീർ ബാവുവും പ്രവാസം തുടങ്ങുന്നത്. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ ഇദ്ദേഹം 1988ൽ ആണ് ദുബൈയിലെത്തുന്നത്. മുംബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലായിരുന്നു യാത്ര. മൈതാൻ എന്ന സ്ഥലത്ത് വന്നിറങ്ങുമ്പോൾ തന്റെ ആഗ്രഹ സഫലീകരണത്തിനേക്കാൾ പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
ഒരു ഇമാറാത്തി നൽകിയ വിസയിലായിരുന്നു ദുബൈയിലേക്കുള്ള വരവ്. ദുബൈയുടെ വളർച്ചയുടെ ഓരോ സ്പന്ദനങ്ങളും നേരിൽ കാണാനും അനുഭവിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഷെക്കീർ ബാവു പറഞ്ഞു. പ്രവാസത്തിന്റെ തുടക്കനാളുകൾ ഏറെ പ്രയാസത്തിലായിരുന്നു. പലപ്പോഴും പട്ടിണിയിലായിരുന്നു ജീവിതം. തന്റെ അവസ്ഥ കണ്ട് കനിവ് തോന്നിയ ഇമാറാത്തി സ്പോൺസർ തന്നെയാണ് ഒടുവിൽ തല ചായ്ക്കാനൊരിടം കൊടുക്കുന്നത്. വിസ കാലാവധി കഴിഞ്ഞതോടെ പുതുക്കാൻ പണമില്ലാത്തതിനാൽ സാമ്പത്തികമായി സഹായിച്ചതും ഇദ്ദേഹമായിരുന്നു. പിന്നീട് കൂലിപ്പണികൾ എടുത്താണ് ആ കടം വീട്ടിയത്. അദ്ദേഹം മരണപ്പെട്ടെങ്കിലും അന്ന് നൽകിയ വീട്ടിലാണ് ഇപ്പോഴും താമസം.
ഇദ്ദേഹത്തിന്റെ ജോസഫ് അഡ്വർടൈസിങ്, ജോസഫ് ഇൻഡസ്ട്രീസ് എന്നീ കമ്പനികളിലും ജീവനക്കാരനായി. ഒടുവിൽ 1996ലാണ് ദുബൈയിലെ അജ്മൽ പെർഫ്യൂംസിൽ എത്തിപ്പെടുന്നത്. തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അതെന്ന് ഷെക്കീർ ഓർക്കുന്നു. എട്ട് മക്കളിൽ നാലാമനായ ഷെക്കീറിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നില്ല പിതാവ്. എന്നാൽ, പിതാവിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കഴിഞ്ഞത് ഷെക്കീർ ബാവുവിനായിരുന്നുവെന്നത് പിന്നീട് പിതാവ് അഭിമാനപൂർവം ഓർത്തു. അതിനെല്ലാം സഹായകമായത് അജ്മൽ പെർഫ്യൂംസ് എന്ന സ്ഥാപനമാണെന്ന് ഷെക്കീർ ബാവു നന്ദിയോടെ ഓർക്കുന്നു.
35 വർഷത്തെ പ്രവാസത്തിനിടയിൽ സന്നദ്ധ പ്രവർത്തനങ്ങളിലും ഷെക്കീർ ബാവു സജീവമായിരുന്നു. തന്റെ നാടായ ചെന്ത്രാപ്പിന്നിയുടെ പേരിൽ കൂട്ടായ്മ രൂപവത്കരിച്ചപ്പോൾ അതിന്റെ ഭാഗമായിരുന്നു. തട്ടകം ചെന്ത്രാപ്പിന്നി കൂട്ടം എന്ന പേരിലുള്ള കൂട്ടായ്മയിലൂടെ നാട്ടിൽ പ്രയാസം അനുഭവിക്കുന്ന 100 പേർക്ക് പ്രതിമാസം 500 രൂപ വീതം നൽകിവരുന്നുണ്ട്. ഒസാക്സ് എന്ന പേരിലുള്ള സ്കൂൾ കൂട്ടായ്മയിലൂടെ സഹപാഠികളുടെ ഓർമകളിലും ഇദ്ദേഹം നിറസാന്നിധ്യമായി നിലനിൽക്കുന്നുണ്ട്. നാട്ടിലേക്ക് തിരിക്കുമ്പോൾ കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമില്ലെങ്കിലും നിറമുള്ള ഓർമകൾ ഒപ്പമുണ്ടെന്ന് ഷെക്കീർ പറഞ്ഞുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.