ദുബൈ: യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 309 സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഇത്തവണ പട്ടികയിൽ 41 ശതമാനവും സ്ത്രീകളാണ്. 128 പേർ. 36 പേർ 25നും 35 ഇടയിൽ പ്രായമുള്ളവരാണ്.
അബൂദബിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിച്ചത്. 118 പേർ. ദുബൈ 57, ഷാർജ 50, അജ്മാൻ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിൽ യഥാക്രമം 21, 34, 14, 15 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ എണ്ണം.
അബൂദബിയിൽ ആകെ സ്ഥാനാർഥികളിൽ 54 പേർ സ്ത്രീകളാണ്. ദുബൈ 27, ഷാർജ 19, അജ്മാൻ 13, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ അഞ്ചു വീതവും സ്ത്രീകളാണ്. സ്ഥാനാർഥികളുടെ പൂർണ വിവരങ്ങൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019ൽ 479 സ്ഥാനാർഥികളിൽ 182 പേർ സ്ത്രീകളായിരുന്നു. സ്ഥാനാർഥികൾക്കെതിരായ പരാതികൾ ആഗസ്റ്റ് 26നും 28നും ഇടയിൽ സമർപ്പിക്കാം.
ആഗസ്റ്റ് 29നും 31നും ഇടയിൽ പരാതികൾ കമ്മിറ്റി പരിശോധിക്കും. ശേഷം അന്തിമ ലിസ്റ്റ് സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 26 ആണ്.
സെപ്റ്റംബർ 11 മുതൽ 23 ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. ഒക്ടോബർ ഏഴിനാണ് തെരഞ്ഞെടുപ്പ്.
വോട്ടർപട്ടികയിൽ പേരുള്ള ഇമാറാത്തികൾക്ക് മാത്രമാണ് വോട്ടവകാശം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേരും എമിറേറ്റിലെ ഭരണാധികാരികൾ നാമനിർദേശം ചെയ്യുന്ന 20 പ്രതിനിധികളും അടക്കം 40 പേരാണ് ഓരോ എമിറേറ്റിലും നിയമസഭയിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.