ദുബൈ: ലോകകപ്പ് കലാശപ്പോരിന് ശേഷം മൈതാനത്ത് നുഴഞ്ഞു കയറിയ ദുബൈയിലെ സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കെതിരെ ഫിഫ അന്വേഷണം. അനുമതിയില്ലാതെ എങ്ങനെയാണ് സാൾട്ട് ബേ ഗ്രൗണ്ടിനുള്ളിൽ പ്രവേശിച്ചതെന്നാണ് അന്വേഷിക്കുന്നത്. ഇതിനു ശേഷം ആവശ്യമായ നടപടികളെടുക്കുമെന്ന് ഫിഫ വക്താവ് വ്യക്തമാക്കി. സാൾട്ട് ബേയെ യു.എസ് ഓപൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കിയതിന് പിറകെയാണ് ഫിഫയുടെ നടപടി. ഇതോടെ ഇയാൾക്ക് കൂടുതൽ ടൂർണമെന്റുകളിൽ നിന്ന് വിലക്കേർപ്പെടുത്തിയേക്കാം.
അർജന്റീന ടീം വിജയാഘോഷം നടത്തുന്നതിനിടെയാണ് സാൾട്ട് ബേ ഗ്രൗണ്ടിലെത്തുകയും ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, റൊമേറോ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ചിത്രം പകർത്തുകയും ചെയ്തത്. ലോകകപ്പ് ട്രോഫിയും പിടിച്ച് നിൽക്കുന്ന ഇയാളുടെ ചിത്രവും വൈറലായിരുന്നു. താരങ്ങളുടെ മെഡൽ കടിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തു വന്നു. ഫിഫയുടെ നിയമാവലി പ്രകാരം ലോകകപ്പ് ജേതാക്കൾക്കും രാഷ്ട്രത്തലവന്മാർക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും മാത്രമേ ട്രോഫി തൊടാനും കൈവശം വെക്കാനും അനുവാദമുള്ളൂ.
ടർക്കിഷ് പാചക വിദഗ്ധനായ സാൾട്ട് ബേ ദുബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 49 ദശലക്ഷം ഫോളോവേഴ്സുണ്ട്.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.