ദുബൈ: ഖത്തർ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാൾ യു.എ.ഇയിലും വൻ സാധ്യതകൾക്കാണ് വഴിയൊരുക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. അബൂദബി, ദുബൈ നഗരങ്ങളിലേക്ക് ഫുട്ബാൾ ഫാൻസ് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ലോകകപ്പ് കാണാൻ എത്തുന്ന എല്ലാവർക്കും താമസിക്കാനുള്ള സൗകര്യം ഖത്തറിൽ ഒരുക്കുന്നുണ്ട്. എന്നാൽ, ഒരുദിവസം മറ്റൊരു രാജ്യത്ത് തങ്ങാനോ സന്ദർശിക്കാനോ ആഗ്രഹിക്കുന്നവർക്ക് ദുബൈ, അബൂദബി, മസ്കത്ത്, റിയാദ്, ജിദ്ദ പോലുള്ള നഗരങ്ങളിൽ പോയി താമസിക്കാം. ഇതിന് അനായാസം കഴിയും. ലോകകപ്പിെൻറ ഊർജം മേഖലയിലുടനീളമുണ്ടാകും.
മിഡ്ൽ ഈസ്റ്റിൽ ഉടനീളം കറങ്ങാനുള്ള അവസരമാണ് ലോകകപ്പ് ഒരുക്കുന്നത്. മറ്റ് ലോകകപ്പുകളെ അപേക്ഷിച്ച് ഖത്തർ ലോകകപ്പ് നൽകുന്ന സൗകര്യവും ഇതാണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നായിരിക്കും അതെന്നും ആരാധകർ ഇത് പരമാവധി മുതലെടുക്കണമെന്നും ഇൻഫന്റിനോ കൂട്ടിചേർത്തു. ഖത്തറിലെത്തുന്ന നല്ലൊരു ശതമാനം കാണികൾ ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ. 15 ലക്ഷം സന്ദർകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. എന്നാൽ, 1.30 ലക്ഷം ഹോട്ടൽ റൂമുകളാണ് ഇവിടെയുള്ളത്. ഖത്തറിൽനിന്ന് മിനിറ്റുകൾക്കുള്ളിൽ പറന്നെത്താവുന്ന മറ്റ് ഗൾഫ് നഗരങ്ങളെ കൂടി ആരാധകർക്ക് ആശ്രയിക്കേണ്ടി വരും. ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക ദുബൈക്കായിരിക്കും എന്നാണ് വിലയിരുത്തൽ. വിമാന നിരക്ക് ഇപ്പോൾ കൂടുതലാണെങ്കിലും കൂടുതൽ ചാർട്ടർ വിമാനങ്ങൾ ഇറക്കി നിരക്ക് നിയന്ത്രിച്ചേക്കുമെന്ന് സൂചനയുണ്ട്. ദുബൈയിലെ ഹോട്ടലുകൾ യാത്ര ടിക്കറ്റും വിസയും അടക്കമുള്ള പാക്കേജുകൾ തയാറാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.