ദുബൈ: യു.എ.ഇയുടെ ബജറ്റ് എയർലൈനായ ഫ്ലൈ ദുബൈ ഫിഫ ഫുട്ബാൾ ലോകകപ്പ് ദിവസങ്ങളിൽ ദുബൈയിൽ നിന്ന് ഖത്തറിലേക്ക് 60 സർവിസുകൾ നടത്തും. ഗൾഫിലെ മറ്റു നിരവധി വിമാനക്കമ്പനികളും സർവിസുകൾ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സർവിസുകൾ സംബന്ധിച്ച് ഫ്ലൈദുബൈ ഖത്തറിന്റെ ദേശീയ എയർലൈനായ ഖത്തർ എയർവേസുമായി കരാറിലെത്തി. കുവൈത്ത് എയർവേസ്, ഒമാൻ എയർ, സൗദിയ എന്നീ ഗൾഫ് വിമാനക്കമ്പനികളും ലോകകപ്പിന് ആരാധകരെ എത്തിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ട്. കുവൈത്ത് എയർവേസ് 20ഉം ഒമാൻ എയർ 48ഉം സൗദിയ 40ഉം സർവിസുകളാണ് നടത്തുക.
ലോകകപ്പ് ടിക്കറ്റ് ലഭിച്ചവർക്കാണ് ഈ സമയങ്ങളിൽ ഖത്തറിലേക്ക് യാത്ര സാധ്യമാകുക. ഖത്തർ എയർവേസും വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്ന് ലോകകപ്പ് സമയത്ത് പ്രത്യേകം സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഖത്തറിലെത്തി വൈകീട്ട് മത്സരം വീക്ഷിച്ച് മടങ്ങാൻ കഴിയുന്ന രൂപത്തിൽ തുടർച്ചയായി സർവിസുകളൊരുക്കുകയാണ് അധികൃതരുടെ ശ്രമം. ഇങ്ങനെ വരുമ്പോൾ ഖത്തറിൽ ഹോട്ടൽ താമസസൗകര്യം ആവശ്യമില്ലാതെ ലോകകപ്പ് കണ്ട് മടങ്ങാനാവും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.