ദുബൈയിലെ ഫിലിപ്പൈൻ കോൺസ​ുലേറ്റിലും അബൂദബിയിലെ എംബസിയിലും വോട്ട്​ ചെയ്യുന്ന ഫിലിപ്പീനികൾ

'പ്രവാസി വോട്ട്​' ചെയ്ത്​ യു.എ.ഇയിലെ ഫിലിപ്പീനികൾ; മറുപടിയില്ലാതെ ഇന്ത്യക്കാരുടെ മുറവിളി

ദുബൈ: യു.എ.ഇയിലിരുന്ന് നാട്ടിലെ​ വോട്ട്​ ചെയ്ത്​ ഫിലിപ്പീനികൾ.  ഫിലിപ്പീൻ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന്​ 17 ലക്ഷം പേരാണ്​ വോട്ട്​ രേഖപ്പെടുത്തുന്നത്​. ഒരുമാസം നീണ്ടു നിൽക്കുന്ന വോട്ടെടുപ്പാണ്​ ഇപ്പോൾ നടക്കുന്നത്​. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ദുബൈയിൽ 1.91 ലക്ഷം പേരാണ്​ രജിസ്റ്റർ​ ചെയ്തിരിക്കുന്നത്​. അബൂദബിയിൽ 1.17 ലക്ഷം വോട്ടർമാരുമുണ്ട്​. ദുബൈ കോൺസുലേറ്റിലും അബൂദബി എംബസിയിലും എത്തിയാണ് ബാലറ്റിൽ​ വോട്ട്​ രേഖപ്പെടുത്തേണ്ടത്​.

പ്രവാസികൾക്ക്​ വോട്ടുള്ളതിനാൽ കോവിഡ്​ കാലത്ത്​ ഫിലിപ്പൈൻ സർക്കാർ അവർക്കായി പ്രത്യേക പാക്കേജ്​ നൽകിയിരുന്നു. അക്കൗണ്ടിലേക്ക്​ പണം നിക്ഷേപിക്കുകയും സൗജന്യമായി നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

അടുത്ത ആറ്​ വർഷം ഭരിക്കേണ്ട ഫിലിപ്പൈൻ പ്രസിഡന്‍റ്​, വൈസ്​ പ്രസിഡന്‍റ്​, സെനറ്റർമാർ തുടങ്ങിയവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ്​ നടക്കുന്നത്​. ഫിലിപ്പൈൻസിൽ മെയ്​ ഒമ്പതിനാണ്​ വോട്ടെടുപ്പ്​. എന്നാൽ, വിദേശത്തുള്ളവർക്ക്​ ഒരുമാസം മുൻപ്​ മുതൽ വോട്ട്​ മെയ്​ ഒമ്പത്​വരെ വോട്ട്​ ചെയ്യാം.

അതാത്​ രാജ്യങ്ങളിലെ കോൺസുലേറ്റിലും എംബസിയിലുമെത്തി രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ മൂന്ന്​ വരെ സമ്മതിദാനാവകാശം രേഖപ്പെടുത്താം (ചില ദിവസങ്ങളിൽ സമയം വ്യത്യാസപ്പെടാം). ഇതിനായി വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം. ഏത്​ രാജ്യത്തിരിക്കുന്നവർക്കും വെബ്​സൈറ്റ്​ വഴി വോട്ടർപട്ടിക പരിശോധിക്കാം.

വോട്ട്​ ചെയ്യാൻ മുൻകൂർ ബുക്കിങിന്‍റെ ആവശ്യമില്ല. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക്​ എമിറേറ്റ്​സ്​ ഐ.ഡിയോ പാസ്​പോർ​ട്ടോ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വോട്ട്​ ചെയ്ത്​ മടങ്ങാം. ആദ്യ ദിവസം ദുബൈയിൽ 1391 പേരാണ്​ വോട്ട്​ രേഖപ്പെടുത്തിയത്​. ഓരോ വർഷവും വോട്ട്​ രേഖപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി കോൺസുലേറ്റ്​ അധികൃതർ പറയുന്നു.

2010ൽ ദുബൈയിൽ രജിസ്റ്റർ ചെയ്ത 30,679 പേരിൽ 3693 (12 ശതമാനം) പേർ മാത്രമാണ്​ വോട്ട്​ രേഖപ്പെടുത്തിയത്​. 2016ൽ 1.22 ലക്ഷം പേർ രജിസ്റ്റർ ചെയ്യുകയും 37,950 പേർ (31 ശതമാനം) വോട്ട്​ രേഖപ്പെടുത്തുകയും ചെയ്തു. ഈ വർഷം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1.91 ലക്ഷമായി ഉയർന്നു. യു.എ.ഇയിൽ ഇന്ത്യക്കാരും, പാകിസ്താനികളും, ബംഗ്ലാദേശികളും​ കഴിഞ്ഞാൽ  ഏറ്റവും കൂടുതലുള്ളത്​ ഫിലിപ്പീനികളാണ്​.

വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് പ്രവാസി വോട്ട് വേണം​ എന്ന ആവശ്യത്തിന്​ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തോട് അധികൃതർ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികൾക്ക് പൗരന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം പോലും നിഷേധിക്കുകയാണെന്ന ആക്ഷേപം ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറെ കാലമായി ഉയർത്തുന്ന വിമർശനമാണ്. 

Tags:    
News Summary - filipinos vote for president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.