ദുബൈ: റമദാനിൽ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ നടപടിയുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. സൂപ്പർ മാർക്കറ്റുകളും ചെറുകിട ഔട്ട്ലെറ്റുകളും പ്രഖ്യാപിച്ച പ്രമോഷനുകളും ഓഫറുകളും സംഘം നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. റമദാനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ സൂപ്പർ മാർക്കറ്റുകൾ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൈ നൗ പേ ലേറ്റർ, പ്രൈസ് ലോക്സ് എന്നിവ കൂടാതെ ബാങ്ക് കാർഡുകൾ വഴിയുള്ള കിഴിവുകൾ, റാഫിൾ ഓഫറുകൾ, 5000 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചറുകൾ, കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ വില തുടങ്ങിയ വാഗ്ദാനങ്ങളുമായി ചെറുകിട ഔട്ട്ലെറ്റുകളും റമദാനിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
ഇ-കൊമേഴ്സ് ഭീമനായ ആമസോണിനൊപ്പം നൂണും പ്രാദേശിക ഹൈപ്പർ മാർക്കറ്റുകളും ഓൺലൈനിലും ഓഫ് ലൈനിലും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം റമദാനിൽ ആവശ്യക്കാർ ഏറെയുള്ള പഴം, പച്ചക്കറിപോലുള്ള സീസണൽ ഉൽപന്നങ്ങൾക്ക് 70 ശതമാനംവരെ ഇളവാണ് പ്രഖ്യാപിക്കാറുള്ളത്. അവശ്യവസ്തുക്കൾക്ക് 40 ശതമാനംവരെ വിലക്കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ മേൽനോട്ടവും നിരീക്ഷണവും ശക്തമാക്കാൻ ദേശീയതലത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിക്കാൻ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് മോണിറ്ററിങ് ആൻഡ് ഫോളോ അപ്പ് മേഖലയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ശംസി പറഞ്ഞു.
വിപണിയിൽ അവശ്യവസ്തുക്കളുടെ അനാവശ്യ വില വർധന തടയാൻ ശക്തമായ നടപടി സ്വീകരിക്കും. 25നും 75 ശതമാനത്തിനും ഇടയിൽ ഡിസ്കൗണ്ട് നിരക്കുകളോടെ യു.എ.ഇ വിപണിതലത്തിൽ പരസ്യ കാമ്പെയ്നുകൾ വഴി ഏകദേശം 4000 ഉൽപന്നങ്ങൾ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അൽ ശംസി കൂട്ടിച്ചേർത്തു. ഉൽപന്നങ്ങളുടെ ഗുണനിലവാരം, വില എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ വർഷം സാമ്പത്തിക മന്ത്രാലയം വിവിധ വിപണികളിലായി 96,200 പരിശോധനകൾ നടത്തിയിരുന്നു. 6545 നിയമ ലംഘനങ്ങളാണ് ഇതുവഴി കണ്ടെത്തിയത്. ഈവർഷം ജനുവരിയിൽ 620 പരിശോധനകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു.
റമദാനോടനുബന്ധിച്ച് വിപണിയിൽ നിരീക്ഷണവും പരിശോധനകളും ശക്തമാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. വാണിജ്യ സെന്ററുകൾ, ഭക്ഷ്യോൽപന്ന കേന്ദ്രങ്ങൾ, പാചകയിടങ്ങൾ, റസ്റ്റാറന്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനാരോഗ്യ വിഭാഗം പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു. ബ്യൂട്ടി സലൂണുകൾ, കഫേകളിലെ പുകവലി മേഖലകൾ, ഗെയിമിങ് സെന്ററുകൾ, ലേബർ സിറ്റികൾ, കമ്യൂണിറ്റി മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഖിസൈസ് മാർക്കറ്റിൽ ശുചിത്വ പരിശോധനയും നടത്തും. റമദാനിൽ ശനിയാഴ്ചമുതൽ വ്യാഴാഴ്ചവരെ അൽ ഖിസൈസ്, അൽ ലെസ്ലി, അൽഖൂസ്, ഹത്ത വിപണികൾ രാവിലെ എട്ട് മുതൽ വൈകീട്ട് നാലുവരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 12 വരെയും ഉച്ചക്കുശേഷം രണ്ടുമുതൽ നാലുവരെയും ആയിരിക്കും പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.