ദുബൈ: ശമ്പളം നൽകാതിരിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിന് യു.എ.ഇയിൽ പുതിയ കമ്മിറ്റി. തൊഴിലുടമകളും ധാരാളം തൊഴിലാളികളും ഉൾപ്പെടുന്ന പ്രശ്നങ്ങൾ പരിഗണിക്കുന്നതിനാണ് മാനവവിഭവ-എമിറേറ്റൈസേഷൻ മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപപ്പെടുത്തിയത്. ഇരു കക്ഷികളും തമ്മിൽ രമ്യമായ പരിഹാരം കാണാനാവാത്ത കേസുകളാണ് കമ്മിറ്റിക്ക് മുന്നിൽ പരിഗണിക്കുക. 50ൽ കൂടുതൽ തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരിശോധിക്കുക.
യു.എ.ഇ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമത്തിന്റെ ചട്ടക്കൂടിൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി രൂപപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രശ്നങ്ങളിൽ ഇരുകക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന രീതിയിൽ തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനാണ് കമ്മിറ്റി ശ്രദ്ധിക്കുകയെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഖലീൽ ഖൗരി പറഞ്ഞു.
അപ്പീൽ കോടതി ജഡ്ജി, ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി, പ്രദേശിക ലേബർ കമ്മിറ്റിയിൽനിന്നുള്ള പ്രതിനിധി, മന്ത്രാലയം വർക് റിലേഷൻസ് വകുപ്പ് പ്രതിനിധി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ പ്രവർത്തനത്തിലെ നിഷ്പക്ഷത, സമഗ്രത, സുതാര്യത എന്നിവ മന്ത്രാലയം ഉറപ്പുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.