അജ്മാന്: ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമായത്തിനു പിന്നാലെ ലൈവ് തട്ടിപ്പും സജീവമാവുകയാണിപ്പോള്‍. ആവശ്യക്കാരനെ കണ്ടെത്തി പ്രയാസങ്ങൾ മനസ്സിലാക്കി നടത്തുന്ന തട്ടിപ്പാണ് പുതിയത്. അജ്മാനില്‍ അരങ്ങേറിയത് ഈ ഗണത്തിലെ ഒന്നാണ്. തൃശൂര്‍ സ്വദേശിയായ നിസാം വര്‍ഷങ്ങളായി ഉറക്കക്കുറവുള്ള വ്യക്തിയാണ്. രാത്രി കിടന്നാല്‍ ഉറക്കം കിട്ടിയാല്‍ തന്നെ ഉടനെ ഉണരും.
പിന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കും എന്നാലും ഉറങ്ങാന്‍ കഴിയില്ല. ഏതാനും മാസങ്ങളായി ജോലിയും നഷ്ടപ്പെട്ട ഇദ്ദേഹം രാത്രി വെറുതെ നടക്കാന്‍ പുറത്തേക്ക് ഇറങ്ങിയതാണ്. രാത്രിയാണെങ്കിലും റമദാന് ആയതിനാല്‍ പുറത്ത് തെരുവ് ഏതാണ്ട് സജീവമാണ്. താമസിക്കുന്ന കെട്ടിടത്തിന് താഴെയെത്തിയ ഇദ്ദേഹത്തെ ഒരു അപരിചിതന് സമീപിച്ചു. ‘താങ്കള്‍ക്ക് ഉറക്കത്തിന്റെ ബുദ്ധിമുട്ട് ഉണ്ടല്ലേ’ എന്ന് ചോദിച്ചാണ് ഈ ഹിന്ദിക്കാരന് ഇദ്ദേഹത്തെ സമീപിച്ചത്. പിന്നീട് അയാള്‍ പറഞ്ഞ ഏതാണ്ട് പ്രശ്നങ്ങള്‍ എല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നു. പറഞ്ഞതെല്ലാം കൃത്യം.
താന്‍ ദുബൈയിലാണ് താമസമെന്നും യാദൃച്ഛികമായി ഇവിടെ എത്തിയതായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. എന്താണ് ഇതിന് പ്രതിവിധി എന്ന യുവാവിന്റെ ചോദ്യത്തിന് വളരെ ലളിതമായ ഉത്തരവും അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. ഈത്തപ്പഴത്തിന്റെ സിറപ്പില്‍ ചേര്‍ത്ത് ഒരു മരുന്ന് കഴിച്ചാല്‍ ഈ പ്രശ്നം തീരും. ഇത് മാത്രമല്ല, ഇതോടൊപ്പം ചില ഗുണങ്ങള്‍കൂടി വന്നുചേരും. മനം മയക്കുന്ന വര്‍ത്തമാനത്തില്‍ ഈ യുവാവ് പതിയെ വീണു പോവുകയായിരുന്നു. ഇനിയിതെങ്ങാനും തട്ടിപ്പാകുമോ എന്ന് ഇടക്ക് ചിന്തിച്ച യുവാവ് ജോലിയില്ലാതിരിക്കുന്ന തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് തല്ക്കാലം ഊരാന്‍ നോക്കിയെങ്കിലും ആഗതന് വിട്ടില്ല.
ഈത്തപ്പഴത്തിന്റെ സിറപ്പിന് ആകെ പത്തു ദിര്‍ഹമേ വരൂ അത് ഞാന്‍ വാങ്ങിത്തരാമെന്നും പറഞ്ഞ് ആഗതന് യുവാവിനെ അടുത്തുള്ള ഗ്രോസറിയിലേക്ക് കൊണ്ടുപോയി. സിറപ്പ് വാങ്ങി നല്കി. ഇതില്‍ ചേര്‍ക്കേണ്ട ചില മരുന്നുകള്‍ കൂടിയുണ്ടെന്ന് പറഞ്ഞു. അതാകട്ടെ പച്ചമരുന്നുകള്‍ ലഭിക്കുന്ന ഹെര്‍ബല്‍ കടയിലേ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ നേരത്ത് ഏതെങ്കിലും കട തുറന്നിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം എന്നും പറഞ്ഞ് ഇയാള്‍ യുവാവിനെയും കൂട്ടി പരിസരങ്ങളില്‍ തിരയാന്‍ തുടങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം തേടി ഈ പാതിരാ നേരത്ത് തന്നോടൊപ്പം ഇറങ്ങിത്തിരിച്ച ഈ സഹോദരനെ യുവാവ് വല്ലാതെ ഇഷ്ടപ്പെട്ടുപോയി. തിരച്ചിലിനൊടുവില്‍ അജ്മാനിലെ നഗരത്തിലുള്ള ബസ് സ്റ്റേഷനടുത്തുള്ള സൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഹെര്‍ബല്‍ കട കണ്ടെത്തി. അവിടെയെത്തി ഇയാള്‍ ഏതാനും മരുന്നുകള്‍ നിര്‍ദേശിച്ചു.
ഇരുനൂറും നാനൂറും അഞ്ഞൂറിനും മുകളിൽ വില വരുന്ന തുകക്കുള്ള ഏതാനും മരുന്നുകള്‍ കടക്കാരന് എടുത്ത് മേശപ്പുറത്ത് വെച്ചു. മരുന്നുകള്‍ക്ക് പുറത്ത് പേരോ വിലയോ പ്രദര്‍ശിപ്പിച്ചിരുന്നില്ല. തന്റെ പ്രശ്നം തീരുകയാണ് എന്ന് അമിതമായി വിശ്വസിച്ച യുവാവ് സുഹൃത്ത് നാട്ടിലേക്ക് അയക്കാന്‍ നല്‍കിയിരുന്ന 500 ദിര്‍ഹത്തില്‍ നിന്നും ഇതിനെല്ലാം പണം നല്കി. യുവാവ് പണം നല്‍കുന്നത് കണ്ടപ്പോള്‍ മരുന്നുകളുടെ എണ്ണവും കൂടിവന്നു. ഏകദേശം 2500 ദിര്ഹത്തോടടുത്ത് പണം മരുന്നുകള്‍ക്കായി നല്കി. യുവാവിന് സാരോപദേശവും നല്കി ആഗതന് യാത്രയായി. വീട്ടിലെത്തി ഏതാനും സമയം കഴിഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടതാണോ എന്ന് യുവാവ് ചിന്തിക്കുന്നത്. സംഭവം കൂട്ടുകാരോട് പങ്കുവെച്ചപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്.
ഈ വിവരം മറ്റു സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അൽപം കഷണ്ടിയുള്ള മലപ്പുറം സ്വദേശി ശരീഫിന് മുടി വളരാനുള്ള മരുന്നും മുടി നരച്ച തൃശൂര്‍ സ്വദേശി ഷഫീക്കിന് മുടി കറുക്കാനുള്ള മരുന്നും ഇതേ സംഘം നിര്‍ദേശിച്ച തട്ടിപ്പിന്റെ കഥകള്‍ പങ്കുവെക്കുകയാണുണ്ടായത്. രൂപം മാറുന്ന തട്ടിപ്പുകൾ പ്രവാസികളെയാണ് ലക്ഷ്യംവെക്കുന്നത് എന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.