ദുബൈ: ഭീമമായ പിഴയും ജയിൽശിക്ഷയും ഒഴിവാക്കുന്നതിന് ഫ്രീസോണിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന വൻകിട വാണിജ്യസ്ഥാപനങ്ങളും വ്യക്തികളും കള്ളപ്പണവും ഭീകരസംഘടനകൾക്കുള്ള ഫണ്ടിങ്ങും തടയുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ നടത്തണമെന്ന് മുന്നറിയിപ്പ് നൽകി അധികാരികൾ. നിയമം ലംഘിച്ചാൽ 50 ലക്ഷം ദിർഹം പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. ആഗോള സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഫിനാൽഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) അംഗമെന്ന നിലയിൽ യു.എ.ഇ സെന്‍ട്രൽ ബാങ്കും മറ്റ് അതോറിറ്റികളും നിരവധി കമ്പനികൾക്കെതിരെ അടുത്തിടെ പിഴ നടപടികൾ ആരംഭിച്ചിരുന്നു.
എഫ്.എ.ടി.എഫിന്റെ ചാരപ്പട്ടികയിൽനിന്ന് ഒഴിവാകുന്നതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി യു.എ.ഇ കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികളാണ് നടത്തിവരുന്നത്. അടുത്ത വർഷത്തോടെ ആഗോള സംഘടനയുടെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ഫ്രീസോണുകളിലാണ് കള്ളപ്പണ ഇടപാടുകൾ വ്യാപകമെന്നാണ് കണ്ടെത്തൽ. ഇതുകൊണ്ടുതന്നെ ഇവിടെ പ്രവർത്തനം ആരംഭിക്കുമ്പോൾ അനധികൃത കമ്പനികൾ രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
നിയമം പാലിക്കാത്ത കമ്പനികൾക്ക് വാണിജ്യ ലൈസൻസ് അനുവദിക്കില്ലെന്ന് ഭരണകൂടം മുന്നറിയിപ്പു നൽകി. ചെറുകിട, ഇടത്തരം കമ്പനികളിൽ പലതും കള്ളപ്പണവിരുദ്ധ നിയമത്തെക്കുറിച്ച് ബോധവാന്മാരല്ല. അതോടൊപ്പം അവർ നിയമത്തെ നിസ്സാരമായാണ് കാണുന്നതെന്ന് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിയമസ്ഥാപനമായ അപ്പർ കേസ് ലീഗൽ അഡ്വൈസറിയുടെ മാനേജർ പാർട്ണറും അഭിഭാഷകനുമായ അലക്സാണ്ടർ കുകുവെ പറഞ്ഞു.
കള്ളപ്പണവിരുദ്ധ നടപടികൾ, കെ.വൈ.സി, എ.എം.എൽ എന്നീ നിയമങ്ങളെക്കുറിച്ച് വൻകിട കോർപറേറ്റുകൾ കൂടുതൽ ജാഗ്രത പുലർത്തുകയും ഇതിന് കൂടുതൽ പ്രാധാന്യം നൽകുകയും വേണം.വിഷയത്തിൽ ദുബൈയിലെ കമ്പനികളെ മാത്രമല്ല, വിദേശ കമ്പനികളെയും ബോധവത്കരിക്കുന്നുണ്ടെന്ന് ദുബൈ ചേംബർ റീജനൽ ഡയറക്ടർ അബ്ദുല്ല ബഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.