ദുബൈ: സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ ശിക്ഷ കടുപ്പിച്ച് യു.എ.ഇ.ഇത്തരം ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്ക് ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ഒരു വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷയും നൽകുമെന്നാണ് പബ്ലിക്ക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. സർക്കാർ ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിർവഹണത്തിനായി അന്യായമായി നിർബന്ധിക്കുക, ജോലിയിൽനിന്ന് വിട്ടു നിൽക്കാനായി ബലപ്രയോഗം നടത്തുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഫെഡറൽ നിയമപ്രകാരം കുറ്റകരമാണ്.
ഇത്തരം നടപടികളിലൂടെ സ്വന്തം ആവശ്യം നേടാൻ അക്രമിക്ക് കഴിഞ്ഞില്ലെന്ന് തെളിഞ്ഞാലും ആറു മാസം വരെ തടവുശിക്ഷ ലഭിക്കും.ഉദ്യോഗസ്ഥനെ സമ്മർദത്തിലാഴ്ത്തി സ്വന്തം ആവശ്യം പ്രതി നേടിയെന്ന് തെളിഞ്ഞാൽ ഒരു വർഷത്തിന് മുകളിൽ കുറയാത്ത ജയിൽ ശിക്ഷ ലഭിക്കും. ശനിയാഴ്ച എക്സിലൂടെയാണ് പബ്ലിക്ക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്യുക, ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ ഉൾപ്പെടുക, ഉദ്യോഗസ്ഥനെ ആയുധം ഉപയോഗിച്ച് മർദിക്കുക തുടങ്ങിയ ഗുരുതരമായ സാഹചര്യത്തിൽ ശിക്ഷ കൂടുതൽ കടുത്തതായിരിക്കും.
ഇത്തരം സന്ദർഭങ്ങളിൽ കുറ്റവാളികൾക്ക് ഒരു വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാത്ത പിഴയും ചുമത്തുമെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുസേവകരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്യായമായി കാര്യങ്ങൾ സാധിക്കുന്ന ലോബികൾ സജീവമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം ആളുകളുടെ പ്രവർത്തനം. പലതരം തട്ടിപ്പുകൾക്കും ഇത്തരക്കാർ കൂട്ടു നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.