ഷാർജ: വ്യാഴാഴ്ച രാവിലെ എമിറേറ്റിലെ മുവൈലയിൽ അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. പാകിസ്താൻ സ്വദേശിയും 11വയസ്സുകാരിയായ മകളുമാണ് മരിച്ചത്. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യക്കും മറ്റു രണ്ടു മക്കൾക്കും പരിക്കേറ്റു.
പുക ശ്വസിച്ചാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഭാര്യ ഗുരുതരാവസ്ഥയിൽ അൽ ഖാസിമി ആശുപത്രിയിലെ ഐ.സി.യുവിലാണ്.
ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികളും ചികിത്സയിലാണ്.കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തമുണ്ടായി പുക നിറഞ്ഞതായി ഷാർജ സിവിൽ ഡിഫൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കെട്ടിടത്തിലെ മറ്റു താമസക്കാരെ ഉടൻ രക്ഷിക്കുകയായിരുന്നു. പുലർച്ചെ 2.08നാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. മിനിറ്റുകൾക്കകം സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. നാഷനൽ ആംബുലൻസ് ടീമും സ്ഥലത്തെത്തിയിരുന്നു. അപ്പാർട്മെന്റിൽ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന നടക്കുന്നുണ്ട്. തീപിടിത്തം രണ്ടു മിനിറ്റുകൾക്കകം അണയ്ക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.
കെട്ടിടം പൂർണമായും പൊലീസ് സീൽ ചെയ്തു. സംഭവത്തിൽ പരിക്കേറ്റ കുട്ടികളെ ശ്രദ്ധിക്കുന്നതിന് ഷാർജ സോഷ്യൽ സർവിസ് വകുപ്പിലെ ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ സെന്റർ പ്രതിനിധികളും നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.