അബൂദബി: വേഗപ്പോര് പ്രേമികളെ ത്രില്ലടിപ്പിച്ച് യാസ് മറീന സര്‍ക്യൂട്ട് ട്രാക്കുകളില്‍ തീ പടര്‍ത്തി പ്രഥമ അബൂദബി ഓട്ടോണമസ് റേസിങ് ലീഗ് സമാപിച്ചു. ജര്‍മനിയില്‍നിന്നുള്ള മ്യുണിക് ടെക്നിക്കല്‍ യൂനിവേഴ്സിറ്റി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ഇറ്റാലിയന്‍ ടീമായ യൂനിമോറിനെ മറികടന്നായിരുന്നു ഈ നേട്ടം. യു.എ.ഇ പ്രസിഡന്റിന്റെ സാങ്കേതിക ഉപദേഷ്ടാവായ ഫൈസല്‍ അല്‍ ബന്ന വിജയികള്‍ക്കുള്ള 22.5 ലക്ഷം ഡോളറിന്റെ സമ്മാനങ്ങള്‍ കൈമാറി.
നാല് നിര്‍മിത ബുദ്ധി ഡ്രൈവറില്ലാ കാറുകളാണ് പതിനായിരത്തിലേറെ കാണികളെ ആവേശത്തിലാഴ്ത്തി യാസ് മറീന സര്‍ക്യൂട്ട് ട്രാക്കിലൂടെ ഒരേസമയം ചീറിപ്പാഞ്ഞത്. അബൂദബി അഡ്വാന്‍സ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സിലിന്റെ ഉപ സംഘടനയായ ആസ്പയര് ആയിരുന്നു ലോകത്താദ്യമായി ഈ ഗണത്തില്‍ നടത്തിയ മത്സരത്തിന്റെ സംഘാടകര്‍. എട്ടു ടീമുകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. നാല് സിലിണ്ടര്‍ ടര്‍ബോ എന്ജിന്, ആറ് സ്പീഡ് ഗിയര്‍ബോക്സ്, ഇരട്ട ആന്റിന ജി.പി.എസ്, ഏഴ് സ്പീഡ് ഗിയര്‍ബോക്സ്, മണിക്കൂറില്‍ 300 കിലോമീറ്റര്‍വരെ വേഗം തുടങ്ങിയ സവിശേഷതകളായിരുന്നു മത്സരത്തില്‍ പങ്കെടുത്ത എ.ഐ സൂപ്പര്‍ ഫോര്‍മുല കാറുകള്ക്കുണ്ടായിരുന്നത്.
റഡാര്‍ സെന്‍സറുകളും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളും ഉപയോഗിച്ചാണ് ഇതര വാഹനങ്ങളുമായും പാര്ശ്വഭിത്തികളുമായുമുള്ള കൃത്യമായ അകലം കാറുകള്‍ കണക്കാക്കിയത്. ചുറ്റുവട്ടത്തുള്ള വസ്തുക്കളുടെയും കാറുകളുടെയുമൊക്കെ ത്രിമാന ചിത്രങ്ങള്‍ അതിവേഗത്തില്‍ സൃഷ്ടിച്ചായിരുന്നു കാറുകള്‍ പരിസരത്തെക്കുറിച്ച് മനസ്സിലാക്കിയത്. ഗവേഷകരും ഡെവലപ്പര്‍മാരും കോഡെഴുത്തുകാരുമൊക്കെ അടങ്ങിയതായിരുന്നു ഓരോ ടീമും. മത്സരത്തിന്റെ ഭാഗമായി നിര്‍മിത ബുദ്ധി കാറും ഫോര്‍മുല വണ്‍ മുന്‍ ഡ്രൈവര്‍ ഡാനിയല്‍ കിവിയറ്റും തമ്മിലുള്ള റേസിങ് മത്സരവും നടത്തി. 45 മിനിറ്റ് നീണ്ട മത്സരത്തില്‍ അബൂദബിയുടെ ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആളില്ല കാറിനെ 10.38 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ പിന്നിലാക്കി ഡാനിയല്‍ ജേതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.